മണ്ണന്തലയിൽ ബോംബ് നിർമ്മിക്കുന്നതിനിടെ 17കാരന്റെ കൈപ്പത്തിയറ്റ സംഭവം, ബോംബ് നിർമ്മിച്ചത് പോലീസിനെ ആക്രമിക്കാനെന്ന് സൂചന
തിരുവനന്തപുരം: മണ്ണന്തലയിലെ സ്ഫോടനം പോലീസിനെ ആക്രമിക്കാൻ ബോംബ് നിർമിക്കുന്നതിനിടയിൽ ആണെന്ന് സൂചന. ബോംബ് നിർമാണത്തിനിടയിൽ ഉണ്ടായ സ്‌ഫോടനത്തിൽ ഇന്നലെ പതിനേഴുകാരന്റെ കൈപ്പത്തി അറ്റുപോവുകയും മറ്റൊരാൾക്ക് കാലിനും ഇടുപ്പിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ടുപേരെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു.
നിരവധി കേസുകളിലെ പ്രതികളാണ് ഇവർ.മണ്ണന്തലയിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി മലമുകളിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ വച്ചായിരുന്നു ബോംബ് നിർമ്മാണം. കടയിൽനിന്ന് സ്ഫോടക വസ്തു വാങ്ങിയ ശേഷം ബോംബിന് വീര്യം കൂട്ടാനുള്ള ശ്രമത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ 17കാരനായ യുവാവിന്റെ ഇരു കൈപ്പത്തികളും അറ്റു. 22കാരനായ അഖിലേഷിനും പരിക്കേറ്റു. ഇവർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഇവരുടെ സുഹൃത്തുക്കളായ കിരൺ, ശരത് എന്നിവരെ മണ്ണന്തല പോലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കെതിരെ മോഷണം, കഞ്ചാവ് വിൽപ്പന, പെട്രോൾ പമ്പ് ജീവനക്കാരനെ ആക്രമിച്ച സംഭവം അടക്കമുള്ള കേസുകൾ ഉണ്ട്. ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ വീട്ടിൽ കഴിഞ്ഞദിവസം പോലീസ് എത്തിയിരുന്നു. പോലീസിനെ ആക്രമിക്കാനാണ് പ്രതികൾ ബോംബ് നിർമ്മിച്ചതെന്നാണ് പ്രാഥമിക വിവരം.
ആശുപത്രിയിൽ ചികിത്സയിലുള്ള പ്രതികളെയും കസ്റ്റഡിയിലുള്ളവരെയും പോലീസ് വിശദമായി ചോദ്യം ചെയ്യും. സ്ഫോടനം നടന്ന സ്ഥലത്ത് ഫോറൻസിക് സംഘം എത്തി തെളിവെടുപ്പ് നടത്തും. പ്രതികൾക്ക് മറ്റ് ആരുടെയെങ്കിലും സഹായം കിട്ടിയോ എന്ന് അടക്കമുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കും.