ദേശീയ പുരസ്‌കാര ചടങ്ങിനിടെ പരിചയപ്പെട്ട ഒരു മലയാള നടിയെപ്പറ്റി ബോളിവുഡ് താരം അക്ഷയ് കുമാര്‍ സംസാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. അതിനു പിന്നാലെ അക്ഷയ് കുമാര്‍ പരാമര്‍ശിച്ച നടി ആരാണെന്ന അന്വേഷണത്തിലായിരുന്നു ആരാധകര്‍. ആ നടി താന്‍ ആണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് സുരഭി ലക്ഷ്മി. അക്ഷയ് കുമാറിനൊപ്പം ദേശീയ പുരസ്കാരം സ്വന്തമാക്കിയ താരമായിരുന്നു സുരഭി ലക്ഷ്മി.
read also: 82.4 ഏക്കര്‍ ഭൂമി, സ്വന്തമായി എട്ട് വാഹനങ്ങള്‍, കൈവശം 1025 ഗ്രാം സ്വര്‍ണം: സുരേഷ് ഗോപിയുടെ ആസ്തി
‘ദേശീയ പുരസ്‌കാരം വാങ്ങാന്‍ പോയപ്പോള്‍ എന്റെ അടുത്ത് ഒരു പെണ്‍കുട്ടി വന്നിരുന്നു. അന്ന് അവിടെ ദേശീയ അവാര്‍ഡ് വാങ്ങാന്‍ എത്തിയ കുറേപേരുണ്ടായിരുന്നു. എന്റെ അടുത്ത് വന്നിരുന്ന പെണ്‍കുട്ടി പറഞ്ഞു, ഞാന്‍ മലയാള സിനിമയിലെ ഒരു നടി ആണ്. അങ്ങയുടെ വലിയൊരു ആരാധിക കൂടിയാണ് എന്ന്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചതില്‍ വളരെയധികം അഭിമാനബോധത്തോടെ ഇരിക്കുന്ന എന്നോട് അവര്‍ ചോദിച്ചു, ‘സര്‍… താങ്കള്‍ എത്ര സിനിമ ചെയ്തിട്ടുണ്ട്?’ 135 സിനിമയോളം ഞാന്‍ ചെയ്തിട്ടുണ്ടെന്ന് ഞാന്‍ മറുപടി പറഞ്ഞു. അപ്പോള്‍, ഞാന്‍ തിരിച്ചു ചോദിച്ചു, ‘കുട്ടി എത്ര സിനിമകള്‍ ചെയ്തിട്ടുണ്ട്?’ ആ പെണ്‍കുട്ടി പറഞ്ഞതുകേട്ട് ഞാന്‍ ഞെട്ടി. സര്‍ ഇത് എന്റെ ആദ്യ സിനിമ ആണെന്നായിരുന്നു അവര്‍ പറഞ്ഞത്. ആദ്യ സിനിമയില്‍ തന്നെ ദേശീയ പുരസ്‌കാരം വാങ്ങാന്‍ എത്തിയിരിക്കുന്ന ആ പെണ്‍കുട്ടിയോട് 135-മത്തെ സിനിമയ്ക്ക് പുരസ്‌കാരം വാങ്ങാന്‍ വന്നിരിക്കുന്ന ഞാന്‍ എന്താണ് മറുപടി പറയേണ്ടത്?’- അക്ഷയ്കുമാറിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ഈ വീഡിയോയില്‍ ബോളിവുഡ് സൂപ്പര്‍താരം പറയുന്നത് തന്നേക്കുറിച്ചാണെന്ന് സുരഭി കമന്റ് ചെയ്തു. ‘അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്കുണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല. അദ്ദേഹം ഇപ്പോഴും ആ സംഭാഷണം ഓര്‍ത്തിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരു ബഹുമതിയായി ഞാന്‍ കാണുന്നു. എനിക്കേറെ പ്രിയപ്പെട്ട നടനുമായി കുറച്ചുസമയം പങ്കുവയ്ക്കാന്‍ എനിക്ക് ലഭിച്ച ഒരു പ്രത്യേക നിമിഷമായിരുന്നു അത്. ഞാന്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമയായിരുന്നു മിന്നാമിനുങ്ങ്. അദ്ദേഹം ഇപ്പോഴും എന്നെ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.’- സുരഭി ലക്ഷ്മി കുറിച്ചു.
2017ലായിരുന്നു അക്ഷയ് കുമാറിനും സുരഭി ലക്ഷ്മിക്കും ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചത്. റുസ്തം എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാറിനു പുരസ്കാരം ലഭിച്ചപ്പോൾ അനില്‍ തോമസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിലൂടെയാണ് സുരഭി പുരസ്‌കാരത്തിനര്‍ഹയായത്.