സന്ദേശ്ഖാലി ഭൂമി തട്ടിയെടുക്കലും ലൈംഗിക അതിക്രമങ്ങളും, ഒരു ശതമാനം ശരിയാണെങ്കിൽ പോലും ലജ്‌ജാകരം- കോടതി


കൊൽക്കത്ത: സന്ദേശ്ഖാലി അക്രമത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊൽക്കത്ത ഹൈക്കോടതി. തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവ് ഷെയ്ഖ് ഷാജഹാനെതിരായ ലൈംഗികാതിക്രമം, ഭൂമി തട്ടിയെടുക്കൽ, കേസുകളിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരി​ഗണിക്കുകയായിരുന്നു കോടതി. വിഷയത്തിൽ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായി ലൈവ് ലോ റിപ്പോർട്ട് ചെയ്തു.

ജില്ലാ ഭരണകൂടത്തിനും ഭരണനിർവഹകർക്കും ധാർമ്മിക ഉത്തരവാദിത്തം ഉണ്ടായിരിക്കണമെന്നും സത്യവാങ്മൂലത്തിൽ ഒരു ശതമാനം ശരിയാണെങ്കിൽ പോലും അത് തികച്ചും ലജ്ജാകരമാണെന്നും കോടതി പറഞ്ഞു. സ്ത്രീകൾ സുരക്ഷിതരാണെന്നാണ് പശ്ചിമ ബംഗാൾ സർക്കാർ പറയുന്നത്. എന്നാൽ ഒരു സത്യവാങ്മൂലം ശരിയാണെന്ന് തെളിഞ്ഞാൽ പോലും വാദങ്ങൾ പൊളിയുമെന്നും ചീഫ് ജസ്റ്റിസ് ടി എസ് ശിവജ്ഞാനം പറ‍ഞ്ഞു.

ചീഫ് ജസ്റ്റിസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്. തോക്കിന് മുനയിൽ സ്ത്രീകൾ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്ന ആരോപണം ഉയർന്നതിനെത്തുടർന്ന് ഫെബ്രുവരിയിൽ സന്ദേശ്ഖാലി കേസിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഷെയ്ഖ് ഷാജഹാന്റെ അറസ്റ്റിന് സ്റ്റേ ഇല്ലെന്ന് വ്യക്തമാക്കിയ കോടതി അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയും ചെയ്തു.

ഷാജഹാൻ ഷെയ്ഖ്നെ അറസ്റ്റ്‌ ചെയ്യാൻ സംസ്ഥാന പോലീസിനുപുറമേ ഇ.ഡി.ക്കും സി.ബി.ഐ.ക്കും അധികാരമുണ്ടെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന ഷാജഹാനെ നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് ബംഗാൾ പോലീസിന്റെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു.

കോടതി നിരീക്ഷണത്തിലുള്ള കമ്മിഷനിലേക്ക് കേസ് മാറ്റണമെന്ന് പൊതുതാൽപര്യ ഹർജി സമർപ്പിച്ച അഭിഭാഷക പ്രിയങ്ക ടിബ്രേവാൾ ആവശ്യപ്പെട്ടു. താൻ പ്രശ്നബാധിത പ്രദേശം സന്ദർശിച്ച് സ്ത്രീകളോട് സംസാരിച്ചു. പോലീസിനെയും പ്രത്യാഘാതങ്ങളെയും ഭയന്നാണ് കഴിയുന്നതെങ്കിലും ഷാജഹാനെതിരെ ശബ്ദമുയർത്താൻ അവർ ആ​ഗ്രഹിക്കുന്നുണ്ട്.

ഒരു സത്യവാങ്മൂലം തെറ്റാണെന്ന് തെളിയിച്ചാൽ താൻ എന്നന്നേക്കുമായി കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നത് അവസാനിപ്പിക്കാൻ തയാറാണെന്നും പ്രിയങ്ക ടിബ്രേവാൾ പറഞ്ഞു. ചീഫ് ജസ്റ്റിസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരൺമയ് ഭട്ടാചാര്യ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.