ഈസ്റ്റര്‍ ദിവസം രാത്രി മരണത്തിനായി തിരഞ്ഞെടുത്തു, സാത്താൻ സേവകരിൽ നിന്നും ആര്യയെ മോചിപ്പിക്കാൻ വീട്ടുകാർ ശ്രമിച്ചു
തിരുവനന്തപുരം: അരുണാചൽപ്രദേശിൽ ദമ്പതികൾക്കൊപ്പം തിരുവനന്തപുരം സ്വദേശിനിയായ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നിൽ സാത്താൻ സേവകരെന്ന സംശയം ബലപ്പെടുന്നു. വട്ടിയൂർക്കാവ് മണികണ്ഠേശ്വരം മേലത്തുമേലെ ജങ്ഷൻ ‘ശ്രീരാഗ’ത്തിൽ ആര്യ നായർ (29) സാത്താൻ സേവകരുടെ കെണിയിൽ അകപ്പെട്ടതാകാമെന്നാണ് നാട്ടുകാരും ബന്ധുക്കളും നൽകുന്ന സൂചന. ആര്യക്കൊപ്പം ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശിനി ദേവി (40), ഭർത്താവ് കോട്ടയം മീനടം നെടുംപൊയ്കയിൽ നവീൻതോമസ് (40) എന്നിവർ സാത്താൻ സേവകരായിരുന്നെന്നാണ് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നത്.
ഇവരാകാം യുവതിയേയും കുടുക്കിയതെന്നും ആരോപണം ഉയരുന്നുണ്ട്.ആര്യയുടെ പിതാവ് അനിൽകുമാർ പൊതുപ്രവർത്തകനാണ്. പിതാവ് നാട്ടുകാർക്ക് സുപരിചിതനാണെങ്കിലും ആര്യ നാട്ടുകാരുമായി വലിയ സൗഹൃദമൊന്നും സൂക്ഷിച്ചിരുന്നില്ല. അന്തർമുഖയായിരുന്ന ആര്യയുടെ ഒതുങ്ങിക്കൂടുന്ന സ്വഭാവമായിരിക്കാം ഒരുപക്ഷെ സാത്താൻസേവയിലേക്ക് എത്തിക്കാൻ സംഘത്തെ സഹായിച്ചതെന്നാണ് കരുതുന്നത്. നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം.ആര്യക്ക് ദേവിയും നവീനുമായി ബന്ധമുള്ളതും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും വീട്ടുകാർക്ക് അറിയാമായിരുന്നത്രെ.
ഇതു മനസിലാക്കിയ ആര്യയുടെ വീട്ടുകാർ സ്കൂളിൽ നിന്നും അവധിയെടുപ്പിച്ച് ആര്യയെ കൗൺസിലിങ്ങിനു കൊണ്ടുപോയി. ആര്യയെന്ന അധ്യാപികയെ കുറിച്ച് ലക്കോള അധികൃതർക്കും മികച്ച അഭിപ്രായമാണുള്ളത്. കൗൺസിലിങ്ങിനു ശേഷം ദേവിയുമായും നവീനുമായും ആര്യ അടുപ്പം സൂക്ഷിച്ചിരുന്നില്ല. ഇതിനിടെ തമിഴ്നാട് അതിർത്തിക്ക് സമീപമുള്ള അമ്മ വീട്ടിലേക്കും ആര്യയെ കൊണ്ടുപോയി. അവിടെവച്ച് മനസ് മാറുന്നതോടെയാണ് ആര്യ കല്യാണത്തിന് സമ്മതിക്കുന്നത്. അതുവരെ കല്യാണം വേണ്ടെന്ന നിലപാടായിരുന്നു ആര്യയ്ക്ക്.
ഇതിനിടെ ആര്യ എങ്ങനെ വീണ്ടും നവീന്റെ വലയിലായി എന്നതാണ് ബന്ധുക്കൾക്ക് മനസിലാകാത്തത്. ആര്യയുടെ കല്യാണം ഉറപ്പിച്ചതോടെ കൂട്ടത്തിൽ നിന്നും ഒരാൾ പോകുന്നുവെന്ന് മനസിലാക്കിയ നവീനും ദേവിയും തങ്ങളുടെ ദൗത്യം വേഗത്തിൽ നിറവേറ്റാനുള്ള നീക്കം തുടങ്ങിയതായാകാം എന്നാണ് ഇവരുടെ ഭാഷ്യം. നാലു മാസം മുൻപ് ആര്യയുടെ അച്ഛന്റെ വീട്ടുകാരുടെ കുടുംബസംഗമത്തിൽ ആര്യ പങ്കെടുത്തിരുന്നു. സന്തോഷവതിയായിരുന്നു ആര്യ.
വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ അവസാന ഘട്ടത്തിലായിരുന്നു വീട്ടുകാർ. കല്യാണത്തിനായുള്ള ഒരുക്കങ്ങളിൽ വീട്ടുകാർക്കൊപ്പം സജീവമായി ആര്യയുമുണ്ടായിരുന്നു. കല്യാണക്ഷണം അവസാനഘട്ടത്തിലായിരുന്നു. ആര്യയുടെ അച്ഛൻ അനിൽകുമാറിന്റെ ചില ബന്ധുക്കളെ മാത്രമാണ് കല്യാണം വിളിക്കാൻ ശേഷിച്ചിരുന്നത്. കല്യാണത്തിന് ആവശ്യമായ സ്വർണവും സാരിയുമെല്ലാം വീട്ടുകാർ എടുത്തിരുന്നു. ആര്യയുടെ ഇഷ്ടാനുസരണമാണ് എല്ലാം നടത്തിയതെന്നും ബന്ധുക്കൾ പറയുന്നു.
മാർച്ച് 27ന് കാണാതാവുന്നതിനു മുൻപു വരെയും സന്തോഷവതിയായിരുന്നുവെന്ന് ബന്ധുക്കൾ ഓർമിക്കുന്നു. ഈസ്റ്റർ ദിവസം രാത്രി മരണത്തിനായി മനഃപൂർവം തിരഞ്ഞെടുത്തതാണ്. ഹോട്ടലിലെത്തി ആദ്യ മൂന്നുദിവസങ്ങളില്‍ ആര്യയും നവീനും ആര്യയും പുറത്തുപോയിരുന്നതായി ഹോട്ടല്‍ ജീവനക്കാർ പറയുന്നുണ്ട്. ഇത് കണ്‍വെൻഷനില്‍ പങ്കെടുക്കാൻ പോയതാകാമെന്നാണ് പൊലീസ് സംശയം. ആഭിചാര കൃയ ചെയ്തു മരിച്ചാല്‍ അന്യഗ്രഹത്തില്‍ പുനർജനിക്കാമെന്ന് കരുതിയാണ് ഇതെല്ലാം ചെയ്തത് എന്നാണ് സൂചനകള്‍.