വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടുന്നു. തിങ്കളാഴ്ച കമ്മിഷന്‍ കോളജിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ദിവസം മനുഷ്യാവകാശ കമ്മീഷന്‍ ക്യാമ്പസിലുണ്ടാകും. സ്ഥാപനത്തിലെ അധ്യാപക അനധ്യാപക ജീവനക്കാരെ വിസ്തരിക്കും. ഇത് സംബന്ധിച്ച് ഡീനിന് രേഖാമൂലം അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
ശക്തമായ മൊഴിയെടുപ്പ് തന്നെ വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ആന്റി റാഗിംഗ് സെല്ലിന് ലഭിച്ച പരാതികളും പരിശോധിക്കും. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തിരുന്നു. നാല് സിബിഐ ഉദ്യോഗസ്ഥര്‍ ഡല്‍ഹിയില്‍ നിന്ന് കേരളത്തിലെത്തി. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം.
അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കണ്ണൂരില്‍ വച്ചാണ് കൂടിക്കാഴ്ച നടന്നത്. നാളെ സംഘം വയനാട്ടിലെത്തി അന്വേഷണം തുടങ്ങും.സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിക്കുന്നതില്‍ നടപടിക്രമങ്ങള്‍ വൈകിയതില്‍ ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടി.
വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കാനും നിര്‍ദേശമുണ്ട്.ആഭ്യന്തര സെക്രട്ടറി ഡിജിപിയോട് വിശദീകരണം തേടുന്നത് അസാധാരണ സംഭവമാണ്.