വയനാട്ടിൽ ആനി രാജയുടെ ഇലക്ഷൻ പ്രചാരണത്തിന് ഗുസ്തി താരം സാക്ഷി മാലിക്


മുംബൈ: വയനാട് ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജയ്ക്ക് പിന്തുണയുമായി ഗുസ്തി താരം സാക്ഷി മാലിക്. വീഡിയോയിലൂടെയാണ് സാക്ഷി ആനി രാജയെ പിന്തുണച്ച് രംഗത്ത് വന്നത്. ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷനെരെ സമരം നടത്തിയപ്പോള്‍ ആനി രാജ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു എന്നും അവർ പറഞ്ഞു.

ആനി രാജ തനിക്ക് വളരെ സുപരിചിതയാണെന്നും ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധ സമരങ്ങളില്‍ വനിതാ ഗുസ്തി താരങ്ങള്‍ക്കൊപ്പം ആനി രാജയുണ്ടായിരുന്നുവെന്നും സാക്ഷി പറഞ്ഞു.

”നമസ്‌കാരം. ഞാന്‍ സാക്ഷി മാലിക്. എനിക്ക് വളരെ അടുത്ത പരിചയമുള്ള വ്യക്തിയാണ് ആനി രാജ. കഴിഞ്ഞ ഏപ്രിലില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷന്നെതിരെ സമരം നടത്തിയപ്പോള്‍ ആനി രാജ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. പ്രതിഷേധ സമരത്തില്‍ അവര്‍ ഒരുപാട് ഞങ്ങളെ സഹായിച്ചു.

ഡല്‍ഹി പൊലീസ് ഞങ്ങള്‍ക്കെതിരെ അതിക്രമം അഴിച്ചുവിട്ടപ്പോള്‍ ആനി രാജ ഞങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ഞങ്ങള്‍ക്കൊപ്പം അറസ്റ്റ് വരിക്കുകയും ചെയ്തു. ഇപ്പോഴും ഗുസ്തി ഫെഡറേഷനിലെ ലൈംഗിക അതിക്രമത്തിനെതിരെ ആനി രാജ ഞങ്ങളോടൊപ്പം പോരാട്ടം തുടരുകയാണ്’, സാക്ഷി പറഞ്ഞു.

ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൻ സിങ്ങിനെതിരേ ലൈംഗികാതിക്രമം ആരോപിച്ച് നടത്തിയ ദീർഘകാല പ്രതിഷേധത്തിനൊടുവിൽ സാക്ഷി മാലിക് ഗുസ്തിമത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു. ബ്രിജ്‌ഭൂഷണെതിരേ നടപടിയില്ലാത്തിനെത്തുടർന്ന് കഴിഞ്ഞവർഷം ഡിസംബറിലാണ് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷനെ സ്ഥാനത്തുനിന്ന് നീക്കണമെന്നും അറസ്റ്റ് ചെയ്യണമെന്നും സാക്ഷിമാലികും സഹതാരങ്ങളും ആവശ്യപ്പെട്ടിരുന്നു.