ഐശ്വര്യ രജനീകാന്തും ധനുഷും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് : ചെന്നൈ കുടുംബകോടതിയിൽ അപേക്ഷ നൽകി


സംവിധായികയും നടൻ രജനികാന്തിന്റെ മകളുമായ ഐശ്വര്യ രജനീകാന്തും നടനും സംവിധായകനുമായ ധനുഷും വിവാഹമോചനത്തിന് അപേക്ഷ നൽകി. ചെന്നൈ കുടുംബ കോടതിയിലാണ് പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചന ഹർജി ഫയൽ ചെയ്തിരിക്കുന്നത്. 2022 ജനുവരിയിൽ വേർപിരിയാനുള്ള തീരുമാനം ഇരുവരും പ്രഖ്യാപിച്ചിരുന്നു. വേർപിരിയൽ പ്രഖ്യാപിച്ച് ഏകദേശം ഒന്നര വർഷത്തിന് ശേഷമാണ് ഇരുവരും പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിന് അപേക്ഷ നൽകിയത് .

കഴിഞ്ഞ രണ്ട് വർഷമായി ഇരുവരും വേർപിരിഞ്ഞാണ് താമസിക്കുന്നത്. പ്രഖ്യാപനത്തിന് ശേഷം അവരുടെ മക്കളായ യാത്രയുടെയും ലിംഗയുടെയും സ്കൂൾ പരിപാടികളിലും ഇരുവരെയും കണ്ടിരുന്നു. 2022 ജനുവരി 17-ന് ധനുഷ് തങ്ങളുടെ വേർപിരിയൽ എക്സിലൂടെ പ്രഖ്യാപിച്ചിരുന്നു. 18 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയുന്നത്

‘സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വർഷത്തെ ഒരുമിച്ചു. വളർച്ച, മനസ്സിലാക്കൽ, പൊരുത്തപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു യാത്ര. ഇന്ന് നമ്മൾ നമ്മുടെ വഴികൾ വേർതിരിക്കുന്ന സ്ഥലത്താണ് നിൽക്കുന്നത്. ഐശ്വര്യയും ഞാനും ദമ്പതികളെന്ന നിലയിൽ വേർപിരിയാനും വ്യക്തികളെന്ന നിലയിൽ ഞങ്ങളെ മനസ്സിലാക്കാനും തീരുമാനിച്ചു.’ – ധനുഷ് സമൂഹ മാധ്യമത്തിൽ കുറിച്ചു. സമാനമായ ഒരു പോസ്റ്റ് ഐശ്വര്യ തൻ്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.

ധനുഷും ഐശ്വര്യയും യഥാക്രമം 21-ഉം 23-ഉം വയസ്സുള്ളപ്പോൾ 2004 ലാണ് വിവാഹിതരായി. ഇരുവരും ഇപ്പോൾ യാത്ര, ലിംഗ എന്നീ രണ്ട് ആൺമക്കളുടെ മാതാപിതാക്കളാണ്. വേർപിരിഞ്ഞതിന് ശേഷം ധനുഷും ഐശ്വര്യയും തങ്ങളുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. രജനികാന്ത് വിപുലമായ അതിഥി വേഷത്തിൽ അവതരിപ്പിച്ച ‘ലാൽ സലാം’ എന്ന ചിത്രത്തിലൂടെ ഐശ്വര്യ സംവിധായികയായി തിരിച്ചെത്തി. ധനുഷ് നിലവിൽ നിരവധി ചിത്രങ്ങളുടെ അഭിനയ- സംവിധാന തിരക്കിലാണ്. ധനുഷിൻ്റെ രണ്ടാമത്തെ സംവിധാന ചിത്രമായ ‘രായൺ’ ആണ് വരാനിരിക്കുന്ന സിനിമ.