സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയ യുവാവിനെ കൊലപ്പെടുത്തി യുവതി: മൂന്നു പേർ അറസ്റ്റിൽ



മുംബൈ: സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചുനോക്കിയതിന് യുവാവിനെ കൊലപ്പെടുത്തി യുവതി. മഹാരാഷ്ട്രയില്‍ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ചപ്പോള്‍ തുറിച്ചു നോക്കിയെന്നാരോപിച്ചാണ് കൊലപാതകം. കേസില്‍ 24കാരി അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.

നാഗ്പൂരില്‍ ശനിയാഴ്ച രാത്രിയാണ് നാലു പെണ്‍കുട്ടികളുടെ അച്ഛനായ രഞ്ജിത് റാത്തോഡ് (28) മരിച്ചത്. സംഭവത്തില്‍ ജയശ്രീ അടക്കം മൂന്ന് പേരാണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതികളെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.

read also: പാനൂര്‍ ബോംബ് കേസ്: മുഖ്യ ആസൂത്രകന്‍ കസ്റ്റഡിയില്‍

സിഗരറ്റ് വാങ്ങാന്‍ കടയിലെത്തിയ റാത്തോഡ് ജയശ്രീയെ തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഈ സമയത്ത് ജയശ്രീ കടയ്ക്ക് മുന്നില്‍ നിന്ന് സിഗരറ്റ് വലിക്കുകയായിരുന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ ജയശ്രീ സിഗരറ്റ് വലിച്ച്‌ റാത്തോഡിന്റെ മുഖത്തിന് നേര്‍ക്ക് പുക ഊതുകയും മോശം ഭാഷയില്‍ ചീത്ത വിളിക്കുകയും ചെയ്തു. ഇത് റാത്തോഡ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് കൂടുതൽ വൈരാഗ്യത്തിന് കാരണമായി.

രോഷാകുലയായ ജയശ്രീ രണ്ടു സുഹൃത്തുക്കളെ വിളിച്ചുവരുത്തി റാത്തോഡുമായി റോഡിൽ അടിപിടികൂടി. ഇതിനിടയിൽ റാത്തോഡിന് മാരകമായി കുത്തേല്‍ക്കുകയായിരുന്നു. ജയശ്രീയാണ് കത്തി ഉപയോഗിച്ച്‌ യുവാവിനെ ഒന്നിലധികം തവണ കുത്തിയതെന്നും പൊലീസ് പറയുന്നു.