കഴിഞ്ഞകാലങ്ങളിൽ വന്ന വീഴ്ചകളും അരുതായ്മകളും പരിഹരിച്ച് ഒരുപുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറും- റമദാന്റെ പ്രത്യേകതകൾ


വിശുദ്ധ ഖുർആൻ അവതീർണ്ണമായ മാസമാണ് റമദാൻ. ദൈവിക വിളിക്കുത്തരമായി പകലിലെ അന്ന പാനീയങ്ങളും, വൈകാരികാസ്വാദനങ്ങളും ഉപേക്ഷിച്ചു കൊണ്ട് രാത്രികാലങ്ങളിൽ പ്രാർഥനയിലും ആരാധനയിലും കൂടുതൽ മുഴുകി ഒരു മാസം മുഴുവനായും വിശ്വാസി ലോകം വ്രതമനുഷ്ഠിക്കുന്നു. ആരാധനകളും, സൽക്കർമ്മങ്ങളും, പരക്ഷേമ പരതയും, ദാന ധർമങ്ങളും വർധിപ്പിച്ച് തെറ്റായ വാക്കുകളിൽനിന്നും പ്രവർത്തികളിൽ നിന്നും അകലം പാലിച്ച് വ്രത മനുഷ്ടിക്കുന്നതോടെ ഖുർആന്റെ അദ്ധ്യാപനങ്ങൾക്ക് പ്രായോഗികതയുടെ പൂർണ്ണത നൽകി ഒരു മാസക്കാലം നീണ്ടു

നിൽക്കുന്ന ഒരു ദൈവിക പരിശീലനത്തിന് വിധേയമാകുകയാണ് വിശ്വാസി സമൂഹം. ഭൗതികതയുടെ സൗകര്യങ്ങളിൽ ധാർമ്മിക മൂല്ല്യങ്ങളും ദൈവികാദ്ധ്യാപനങ്ങളും മറന്നു പോകാനിടയുള്ള മനുഷ്യനെ വിശപ്പും ദാഹവും അനുഭവിപ്പിച്ചു കൊണ്ട് പൈശാചിക പ്രേരണകളുടെ വഴികൾ അടച്ചു തന്റെ സഹജീവികളുമായി അടുക്കാനും ഉള്ളത് അവരുമായി പങ്കുവെക്കാനും മനുഷ്യനെ ഓർമ്മിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്ന മാസമാണ് റമദാൻ. താൻ കഷ്ടപ്പെട്ട് സമ്പാദിച്ചതിൽ അഗതിക്കും അശരണനും അവകാശമുണ്ടെന്ന ഇസ്ലാമിക പാഠം ലോക മുസ്ലീംകൾ ഏറ്റവും ഭംഗിയായി പ്രാവർത്തികമാക്കുന്ന മാസം കൂടിയാണ് റമദാൻ.

ഒരു മാസം നീണ്ടു നിൽക്കുന്ന റമദാനിലെ വ്രതം വരാനിരിക്കുന്ന പതിനൊന്നു മാസത്തേക്കുള്ള ധാർമ്മിക-ആത്മീയ ഊർജ്ജം കൈവരിക്കുന്നതായിരിക്കണം. കഴിഞ്ഞ കാലങ്ങളിൽ വന്നുപോയ വീഴ്ചകളും അരുതായ്മകളും പരിഹരിച്ചു ഒരു പുതിയ മനുഷ്യനായി ഓരോ നോമ്പുകാരനും മാറണം. ആ മാറ്റം ലോകജനതക്ക് അനുഭവിക്കാൻ സാദ്ധ്യമാകണം. അരുതായ്മകളിൽ നിന്നും അധാർമ്മികതയിൽ നിന്നും മനുഷ്യനെ തടയാൻ അവൻ ആർജിച്ച അദൃശ്യമായ ദൈവിക ബോധത്തോളം ശക്തമായ മറ്റൊന്നുമില്ല.. റമദാൻ മാസത്തിലെ പ്രാർഥനകൾക്കും ഖുർ‌ആൻ പാരായണത്തിനും സകാത്ത് നൽകുന്നതിനും ദാനധർമ്മങ്ങൾക്കും മറ്റ് പുണ്യകർമ്മങ്ങൾക്കും കൂടുതൽ പ്രതിഫലം ലഭിക്കുന്നതിനാൽ മുസ്ലിംങ്ങൾ എല്ലാ സൽകമ്മങ്ങളും അധികരിപ്പിക്കുന്നു.

അങ്ങിനെ ആരാധനയിലൂടെ സ്നേഹത്തിന്റെയും സഹവർതിത്വത്തിന്റെയും ധാർമികതയുടെയും ഒരു ലോകം ഉണ്ടാകണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ആ മനുഷ്യനെയും സമൂഹത്തെയും രൂപപ്പെടുത്താനാണ് വിശുദ്ധ ഖുർആൻ അവതീർണ്ണമായ റമദാൻ മാസത്തിലെ വ്രതം കൊണ്ട് പ്രപഞ്ച സ്രഷ്ടാവ് ഉദ്ദേശിച്ചത്. പത്തു ദിവസങ്ങൾ അടങ്ങുന്ന മൂന്ന് ഭാഗങ്ങളായി റമദാനെ തിരിച്ചിരിക്കുന്നു. ഇതിനെ റഹ്‌മ (ദൈവകൃപ), മഗ്‌ഫിറ(പാപമോചനം), നിജാദ് (നരക വിമുക്തി) എന്നിങ്ങനെ പേരു നൽകിയിരിക്കുന്നു.. എല്ലാ ദിവസവും ദൈവകൃപ, പാപമോചനം, നരക വിമുക്തി ഉണ്ടെന്നതിനാണ് കൂടുതൽ പ്രാബല്യം.

അവസാന പത്തിലെ ഒറ്റയിട്ട രാവുകൾ ഏറ്റവും പുണ്യകരമായ രാവുകളാണ്. അവസാനത്തെ പത്തിലുള്ള പവിത്രമാക്കപ്പെട്ടതും ആയിരം മാസത്തേക്കാൾ പുണ്യകരവുമായ രാവാണ് ലൈലത്തുൽ ഖദ്ർ. ഖുർആൻ അവതരിപ്പിച്ചുവെന്നതാണ് ഈ രാവിന്റെ പ്രത്യേകത. ഈ മാസത്തിലെ വ്രതാനുഷ്ടാനം മുസ്ലിംകൾക്ക് നിർബന്ധ ബാദ്ധ്യതയാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങളും മൈഥുനാദി വികാരപ്രകടനങ്ങളും ഉപേക്ഷിച്ച് ദൈവിക സ്മരണയിൽ കഴിഞ്ഞ് കൂടുക എന്നതാണത്. അനാവശ്യമായ വാക്കും പ്രവർത്തികളും തർക്കങ്ങളും ഉപേക്ഷിക്കുന്നതും നോമ്പിന്റെ താല്പര്യത്തിൽ പെട്ടതാണ്.റമദാനിൽ മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും പുണ്യകരമായ കാര്യമാണ്.

മഗ്‌രിബ് ബാങ്കോടെയാണ് ഒരുദിവസത്തെ വ്രതം അവസാനിപ്പിക്കുന്നത്. ഈത്തപ്പഴമോ വെള്ളമോ കൊണ്ട് വ്രതം അവസാനിപ്പിക്കുന്നതാണ് പ്രവാചകചര്യ.ഇസ്ലാമികവിശ്വാസപ്രകാരം, ഖുർആൻ അവതരിക്കപ്പെട്ട രാത്രിയാണ്‌ ലൈലത്തുൽ ഖദ്‌ർ (അറബി: لیلة القدر) അഥവാ നിർണ്ണയത്തിന്റെ രാത്രി. റമളാൻ മാസത്തിലാണിത്. ഈ രാത്രിയിൽ ചെയ്യുന്ന പുണ്യപ്രവൃത്തികൾ, ആയിരം മാസങ്ങൾ കൊണ്ട് ചെയ്യുന്ന പ്രവൃത്തിയേക്കാൾ ഉത്തമമാണെന്ന് ഖുർആൻ പറയുന്നു.റമദാൻ നോമ്പ് അവസാനിക്കുന്നതോടെ നിർബന്ധമായിത്തീരുന്ന ധാനധർമ്മമാണ് ഫിത്ർ സകാത്ത്. പെരുന്നാൾ ദിനത്തിലാരും പട്ടിണി കിടക്കരുതെന്നും അന്നെ ദിവസം എല്ലാവരും സുഭിക്ഷമായി ഭക്ഷണം കഴിക്കണമെന്നുമാണ് ഫിത്ർ സകാത്തിന്റെ താല്പര്യം.

അതിനായി പെരുന്നാൾ ദിവസത്തേക്കുള്ള ഭക്ഷണ സാധനങ്ങൾ മാറ്റിവെച്ച് ബാക്കിയുള്ളതിൽ നിന്ന് നിർബന്ധമായും ഇത് നിർവ്വഹിക്കണം. നോമ്പിലെ വീഴ്ചകൾ പൊറുക്കപ്പെടാനുള്ള കർമ്മം കൂടിയാണ് ഈ സകാത്ത്. പെരുന്നാൾ ദിനം അസ്തമിക്കുന്നതിന് മുമ്പ് ഇത് വീടുകളിലെത്തിയിരിക്കണം.ഹിജ്റ വർഷം ശവ്വാൽ മാസത്തിലെ ആദ്യ ദിവസം മുസ്ലീംകൾ ആഘോഷിക്കുന്ന ആഘോഷമാണ് ഈദുൽ ഫിത്‌ർ.റമദാൻ വ്രതമനുഷ്ഠാനത്തിന്റെ പരിസമാപ്തികുറിച്ച് കോണ്ടാണ് ഈദുൽ ഫിത്‌ർ അഥവാ ചെറിയ പെരുന്നാൾ ആഘോഷിക്കപ്പെടുന്നത് .

ഈദ് എന്ന അറബിക് പദത്തിന്‌ ആഘോഷം എന്നും ഫിത്‌ർ എന്ന പദത്തിന്‌ നോമ്പു തുറക്കൽ എന്നുമാണ്‌ അർത്ഥം. അതിനാൽ റമദാൻ മാസമുടനീളം ആചരിച്ച നോമ്പിന്റെ പൂർത്തികരണത്തിനൊടുവിലുള്ള നോമ്പുതുറ എന്നതാണ്‌ ഈദുൽ ഫിത്‌ർ എന്നത് പ്രതിനിധാനം ചെയ്യുന്നത്. ഈദിന്റെ (പെരുന്നാളിന്റെ) ആദ്യ ദിനം റമദാൻ കഴിഞ്ഞു വരുന്ന മാസമായ ശവ്വാൽ ഒന്നിനായിരിക്കും. പ്രസ്തുത ദിനം നോമ്പെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. courtesy :wikipedia