വേനലിലെ വരള്‍ച്ച ശരീരചര്‍മത്തിന് കേടുപാടുകള്‍ ഉണ്ടാക്കുന്നതിനൊപ്പം മുടിക്കും വില്ലനാവാറുണ്ട്. മുടികൊഴിച്ചല്‍, താരന്‍ വര്‍ധിക്കുക, മുടി വരണ്ടു പോവുക, മുടിയുടെ സ്വാഭാവിക ഭംഗി നശിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് വേനലില്‍ മുടി നേരിടേണ്ടി വരിക. കൃത്യമായ പരിചരണം ഇല്ലെങ്കില്‍ ഈ പ്രശ്‌നങ്ങള്‍ വേനല്‍ കഴിഞ്ഞാലും തുടരും.
വേനല്‍ക്കാലത്ത് മുടിയില്‍ സ്‌റ്റൈലിങ് പരീക്ഷണങ്ങള്‍ നടത്തുന്നത് കഴിവതും ഒഴിവാക്കുക. ചൂടുള്ള സ്‌റ്റൈലിങ് വസ്തുക്കള്‍ വേനല്‍ക്കാലത്ത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.
വേനല്‍ക്കാലത്ത് മുടിയില്‍ കൂടുതലായി പൊടിയും വിയര്‍പ്പും അടിയുന്നതിനാല്‍ നിത്യവും മുടികഴുകുന്നത് മുടി വൃത്തിയായിരിക്കാന്‍ സഹായിക്കും. മുടി കഴുകാന്‍ ബ്ലീച്ച് പൗഡര്‍ ചേര്‍ന്നിട്ടുള്ള വെള്ളം, ചൂടുവെള്ളം, തണുപ്പ് കൂടിയ വെള്ളം തുടങ്ങിയവ ഒഴിവാക്കാം. സാധാരണ വെള്ളം മാത്രമേ മുടി കഴുകാന്‍ ഉപയോഗിക്കാവൂ.
ഓയിലുകള്‍ ചൂടാക്കി ഉപയോഗിക്കാം. വെളിച്ചെണ്ണ , ഒലീവ് ഓയില്‍, അവോക്കാഡോ ഓയില്‍ ഇവയെല്ലാം മുടിക്കുള്ളിലേക്ക് എളുപ്പം ഇറങ്ങിചെല്ലും. പതിവുപോലെ തന്നെ മുടി ഷാംപൂ ചെയ്യാം. ഓയില്‍ നല്ലതുപോലെ മുടിയില്‍ മസാജു ചെയ്യുക.
തേയിലയിട്ട് വെള്ളം തിളപ്പിച്ച ശേഷം ഇത് മുടിയില്‍ നന്നായി പുരട്ടുകയോ ഒഴിക്കുകയോ ചെയ്യുക. അരമണിക്കൂറിന് ശേഷം മുടി കഴുകാം. ഇത് മുടിയ്ക്ക് സൂര്യനില്‍ നിന്നും സംരക്ഷണം നല്‍കും.
മുടിയില്‍ മോയ്ചറൈസറിന്റെ ആവശ്യം ഏറ്റവും കൂടുതല്‍ വരുന്നത് വേനലിലാണ്. യുവി പ്രൊട്ടക്ടറുള്ള നല്ല മോയ്ചറൈസറുകള്‍ തന്നെ മുടിയില്‍ ഉപയോഗിക്കാം.
കൂടുതല്‍ വെള്ളം കുടിക്കുന്നതും പഴവര്‍ഗങ്ങളും പച്ചക്കറികളും കൂടുതല്‍ കഴിക്കുന്നതും മുടിയെ കൂടുതല്‍ ഉറപ്പുള്ളതാക്കുന്നു.
കഠിനമായ വേനല്‍ ചൂട് മുടിക്ക് എന്നും ഭീഷണി തന്നെയാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് പുറത്തിറങ്ങുമ്പോള്‍ മുടി കോട്ടണ്‍ തുണികൊണ്ട് മറയ്ക്കുന്നത് നല്ലതാണ്. കൂടിയ തോതിലുള്ള സൂര്യപ്രകാശം മുടിയുടെ നിറം മങ്ങാന്‍ കാരണമാകുന്നു.