ലാൽജോസ്, ബ്ലെസി, ആഷിഖ് അബു, അമൽ നീരദ്… അങ്ങനെ എണ്ണിയാൽ ഒതുങ്ങാത്ത അത്രയും നവാഗത സംവിധായകർക്കൊപ്പം ഹിറ്റുകൾ നൽകിയ നടനാണ് മമ്മൂട്ടി. പുഴു എന്ന സിനിമയിലൂടെ റത്തീന എന്ന നവാഗത സംവിധായികയ്ക്ക് അദ്ദേഹം കൈ കൊടുത്തപ്പോൾ പിറന്നത് നടന്റെ കരിയറിലെ വ്യത്യസ്തമായ കഥാപാത്രങ്ങളിൽ ഒന്നാണ്. ഇപ്പോഴിതാ മറ്റൊരു പുതുമുഖ സംവിധായികയോടൊപ്പം മമ്മൂട്ടി സിനിമ ചെയ്യുന്നു എന്ന റിപ്പോർട്ടുകളാണ് വരുന്നത്.
മലയാള സിനിമയിലെ പ്രമുഖ നടിയാണ് മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യാനൊരുങ്ങുന്നത്. മമ്മൂട്ടിക്ക് കഥ ഇഷ്ടമായതായാണ് സൂചന. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ചരിത്രം ആവർത്തിക്കുകയാണെങ്കിൽ മമ്മൂട്ടിയുടെ കൈ പിടിച്ച് തുടക്കം കുറിച്ചവരുടെ പട്ടികയിൽ പ്രമുഖ നടിയുടെ പേര് കൂടി ചേർക്കപ്പെടും.
അതേസമയം ടർബോയാണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വൈശാഖ് സംവിധാനം ചെയ്യുന്ന സിനിമയുടെ രചന മിഥുൻ മാനുവൽ തോമസാണ്. രാജ് ബി ഷെട്ടിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.