ചെമ്മീൻ കഴിച്ചതിന് പിന്നാലെ യുവതി മരിച്ച സംഭവം: മരണകാരണം മറ്റൊന്ന്, മെഡിക്കൽ റിപ്പോർട്ട് പുറത്ത്


ഇടുക്കി: ചെമ്മീൻ കഴിച്ച് അലർജിയുണ്ടായതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് ഗോപാലകൃഷ്‍ണന്റെയും നിഷയുടെയും മകൾ നിഖിത (20) ആണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. നിഖിതയുടെ മരണത്തിന് പിന്നിലെ കാരണം ഹൃദയാഘാതമാണെന്ന് മെഡിക്കൽ റിപ്പോർട്ട്.

ചെമ്മീൻ കറി കഴിച്ചതോടെ നികിതയുടെ ശരീരം ചൊറിഞ്ഞ് തടിക്കുകയും ശ്വാസതടസവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതോടെയാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയത്. ചികിത്സയ്ക്കിടെ ശ്വാസതടസ്സം രൂക്ഷമായതിന് പിന്നാലെ വെന്റിലേറ്ററിൽ‌ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.

അലർജി വഷളായതോടെ നിഖിതയ്‌ക്ക് ന്യൂമോണിയയും ബാധിച്ചിരുന്നു. നിഖിതയ്‌ക്ക് കൊഞ്ച് കഴിച്ച് മുമ്പും ഇത്തരത്തിൽ അലർജി അനുഭവപ്പെട്ടിരുന്നു. നിഖിതയുടെ സഹോദരൻ ജിഷ്ണുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.