‘ഗണേഷിന്റെ ശ്രദ്ധ കിടപ്പുമുറിയിൽനിന്ന് പൂജാമുറിയിലേക്ക് മാറിയത് നല്ല കാര്യം’: പരിഹസിച്ച് ഷിബു ബേബി ജോൺ
കൊല്ലം: കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥിയുടെ പൂജാമുറിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമുണ്ടാകുമെന്ന മന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ പരാമർശത്തിൽ പ്രതികരിച്ച് ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ. ഗണേഷ് കുമാറിന്റെ ശ്രദ്ധ കിടപ്പുമുറിയിൽ നിന്ന് പൂജാ മുറിയിലേക്ക് മാറിയത് നല്ല കാര്യമാണെന്നും നിരവധി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകുമെന്നും ഷിബു പരിഹസിച്ചു.
‘‘കിടപ്പുമുറിയിൽ നിന്ന് ഗണേഷിന്റെ ശ്രദ്ധ പൂജാമുറിയിലേക്ക് മാറി എന്നത് ഒരു നല്ല കാര്യമാണ്. ഒത്തിരി കുടുംബങ്ങള്‍ക്ക് സമാധാനമുണ്ടാകും. ഞാൻ വർഗീയവാദിയാണെന്നുള്ള പരാമർശം മറുപടി അർഹിക്കുന്നില്ല. ഞാൻ എന്താണെന്നുള്ളത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാം. എന്റെ പൈതൃകത്തിൽനിന്നു ഇതുവരെ വ്യതിചലിച്ച് പോയിട്ടില്ല. പൂരപ്പാട്ടിന് കൊണ്ടുപോകുന്നവർ അവരുടെ പണി ചെയ്യുമല്ലോ. ഗണേഷ് കുമാർ അയാളുടെ പണി ചെയ്തു, മുഖ്യമന്ത്രി അത് ആസ്വദിച്ചു. അത്രമാത്രമേ പറയാനുള്ളൂ. ‘ഗണേഷ് കുമാർ ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന കാലത്തെ കഥകൾ പറഞ്ഞാൽ അത് നനച്ചാലും കുളിച്ചാലും തീരില്ല. അതുകൊണ്ട് അതിലേക്ക് പോകുന്നില്ല’, ഷിബു പരിഹസിച്ചു.
അതേസമയം, പുക പരിശോധനയിൽ കൂടുതൽ വാഹനങ്ങൾ പരാജയപ്പെടുന്നതിൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ലെന്ന് മന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാറിന്റെ സോഫ്റ്റ്‍വെയറായതിനാൽ സംസ്ഥാന സർക്കാറിന് ഒന്നും ചെയ്യാനാകില്ല. പുക പരിശോധനയിൽ വാഹനങ്ങൾ പരാജയപ്പെടുന്നുവെന്ന് നിരവധി പരാതികളാണ് വകുപ്പിൽ ലഭിച്ചത്. ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ നിർദേശം നൽകിയെങ്കിലും മിക്ക പരാതികളിലും കഴമ്പില്ലെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.