നാസിക്: ഉപേക്ഷിച്ച കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയിലെ വകാഡി ഗ്രാമത്തില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
മണിക് ഗോവിന്ദ് കാലെ, സന്ദീപ് മണിക് കാലെ, ബബ്ലു അനില്‍ കാലെ, അനില്‍ ബാപ്പുറാവു കാലെ, ബാബാസാഹേബ് ഗെയ്ക്വാദ് എന്നിവരാണ് മരിച്ചത്.
ഉപയോഗശൂന്യമായ കിണറ്റില്‍ ബയോഗ്യാസിന്റെ സ്ലറി സൂക്ഷിക്കാനായി ഉപയോഗിക്കുകയായിരുന്നു. ഈ കിണറിലാണ് വീട്ടുകാരുടെ വളര്‍ത്തുപൂച്ച വീണത്. പൂച്ചയെ രക്ഷിക്കാനായി ആദ്യം കുടുംബത്തിലെ ഒരാളാണ് ഇറങ്ങിയത്. ഇയാള്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ മറ്റുള്ളവര്‍ ഒന്നിനു പിറകേ ഒന്നായി ഇറങ്ങി കിണറില്‍ കുടുങ്ങുകയായിരുന്നു.
സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇവരില്‍ ഒരാളെ രക്ഷിച്ച് പുറത്ത് എത്തിച്ചിരുന്നു. മറ്റ് അഞ്ചുപേരും മരണത്തിനു കീഴടങ്ങി. ബുധനാഴ്ച പുലര്‍ച്ചെ വരെ നീണ്ട ശ്രമത്തിനൊടുവില്‍ വലിയ പമ്പുകള്‍ ഉപയോഗിച്ച് കിണറില്‍ നിന്ന് സ്ലറി നീക്കം ചെയ്ത ശേഷമാണ് മരിച്ചവരുടെ മൃതദേഹം പുറത്തെടുത്തത്.