നടന്‍ സൂരജ് മെഹർ വാഹനാപകടത്തിൽ മരിച്ചു: അന്ത്യം വിവാഹനിശ്ചയം നടക്കാനിരിക്കെ


റായ്പൂര്‍: നടന്‍ സൂരജ് മെഹര്‍ (40) വാഹനാപകടത്തിൽ മരിച്ചു. ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങവേ കാര്‍ പിക്കപ്പ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബുധനാഴ്ച രാത്രി റായ്പൂരില്‍ വച്ച് ആയിരുന്നു സംഭവം. ഒഡിഷയില്‍ വച്ച് സൂരജിന്‍റെ വിവാഹനിശ്ചയം നടക്കാനിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് സൂരജ് മെഹര്‍.

പൈപ്പുലയ്ക്ക് സമീപമുള്ള സരശിവ ഭാഗത്ത് നിന്ന് വരികയായിരുന്നു പിക്കപ്പ് ട്രക്കുമായിട്ടാണ് സൂരജിന്‍റെ കാര്‍ കൂട്ടിയിടിച്ചത്. സൂരജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണത്തിന് കീഴടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ സൂരജിന്‍റെ സുഹൃത്തിനും ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു.

പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇരുവരെയും കൂടുതൽ വൈദ്യസഹായത്തിനായി ബിലാസ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. നാരദ് മെഹര്‍ എന്നാണ് സൂരജ് സിനിമാലോകത്ത് അറിയപ്പെടുന്നത്. നിരവധി ഛത്തീസ്ഗഢി സിനിമകളിൽ നെഗറ്റീവ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ബിലാസ്പൂരിലെ സരിയ നിവാസിയാണ് സൂരജ്.