ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക രാജ്യഭാവിക്ക് അനിവാര്യം, തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണ തുടരാൻ പിഡിപി
2024 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പിന്തുണ ഇടതുമുന്നണിക്കെന്ന് പ്രഖ്യാപിച്ച് പിഡിപി. തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പിഡിപി അറിയിച്ചു. പാര്‍ട്ടി നേതൃയോഗത്തിലെടുത്ത തീരുമാനത്തിന് ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി അംഗീകാരം നല്‍കി.
ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാസിസ്റ്റ് ഭരണകൂടം ഉയര്‍ത്തുന്ന ജനാധിപത്യ വെല്ലുവിളിയാണ് ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന വിഷയമെന്നാണ് പിഡിപി വിലയിരുത്തുന്നത്. മറ്റെന്തിനേക്കാളും രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും ബഹുസ്വരതയും നിലനില്‍ക്കുക എന്നത് രാജ്യ ഭാവിക്ക് അനിവാര്യമാണ്.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ബിജെപി ഭരണത്തില്‍ തകര്‍ന്നിരിക്കുന്നതും, പൊതുമേഖലാ സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്നതും തുടങ്ങി ഉള്ള ജനങ്ങളുടെ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിച്ച് വര്‍ഗീയതയും വിദ്വേഷവും ഭരണകൂടം തന്നെ പ്രചരിപ്പിക്കുന്നു. ഈ സാഹചര്യങ്ങളില്‍ ഫാസിസത്തോട് സന്ധിയാകാത്ത നിലപാട് സ്വീകരിക്കാന്‍ ഇടതുമതേതര ചേരി ശക്തിപ്പെടേണ്ടതുണ്ടെന്നാണ് പിഡിപി വിലയിരുത്തൽ.