വിജയ് വളരെ മിടുക്കനായ വ്യക്തിയാണെന്നും രാഷ്ട്രീയത്തിൽ മിടുക്കനായ എതിരാളിയോട് മത്സരിച്ചാല്‍ നമുക്കും രാഷ്ട്രീയ മുന്നേറ്റത്തിന് അവസരമൊരുക്കുമെന്നും നടി നമിത. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ താരപ്രചാരകയായ നമിത കേന്ദ്രമന്ത്രി എല്‍.മുരുകന് വേണ്ടി പ്രചാരണ രംഗത്ത് സജീവമാണ്. തമിഴകത്ത് നിരവധി ആരാധകരുള്ള നമിതയെ കാണാന്‍ നിരവധി പേര്‍ ബിജെപി യോഗങ്ങളില്‍ പങ്കെടുക്കാനെത്തുന്നു.
സൂപ്പര്‍ താര ചിത്രങ്ങളിലടക്കം അഭിനയിച്ചിട്ടുള്ള തെന്നിന്ത്യയിലെ ഗ്ലാമര്‍ താരം നമിതയാണ് വിജയ്ക്ക് എതിരെ മത്സരിക്കാന്‍ താല്‍പര്യമറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ തമിഴ്നാട് ബിജെപി വര്‍ക്കിംഗ് കമ്മറ്റി അംഗമാണ് നമിത. വിജയ്‌ക്കെതിരെ മത്സരിക്കാൻ താല്പര്യമുണ്ടെന്ന നടിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്.
അതേസമയം, സിനിമാ അഭിനയം അവസാനിപ്പിച്ച് വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നു എന്ന വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. കരിയറിലെ ഏറ്റവും പീക്ക് ടൈമില്‍ നില്‍ക്കുമ്പോള്‍ വിജയ്യുടെ സിനിമ വിടാനുള്ള തീരുമാനത്തെ ആരാധകരും സിനിമാ ലോകവും ഞെട്ടലോടെയാണ് സ്വീകരിച്ചത്. തന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി തമിഴക വെട്രി കഴകം എന്നൊരു രാഷ്ട്രീയ പാര്‍ട്ടിയും താരം പ്രഖ്യാപിച്ചു. ലക്ഷകണക്കിന് പേര്‍ ഇതിനോടകം പാര്‍ട്ടിയില്‍ അംഗത്വമെടുത്തു എന്നാണ് വിവരം.