നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറികാര്‍ഡിന്റെ അനധികൃത പരിശോധനയില്‍ കോടതിക്കെതിരെ വിമർശനവുമായി അതിജീവിത.
കേസുമായി ബന്ധപ്പെട്ട മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയതില്‍ വിചാരണ കോടതി നടത്തിയ ജുഡീഷ്യല്‍ അന്വേഷണ റിപ്പോർട്ടിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണെന്ന് അതിജീവിത പറഞ്ഞു. ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലാണ് നടി കോടതിക്കെതിരെ രംഗത്ത് എത്തിയത്.
സ്വകാര്യത എന്നത് ഒരു വ്യക്തിയുടെ മൗലീക അവകാശമാണെന്നിരിക്കെ കോടതിയില്‍ ഇരുന്ന ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ പലവട്ടം മാറിയതിലൂടെ നിഷേധിക്കപ്പെട്ടത് ഞാനെന്ന വ്യക്തിക്ക് ഈ രാജ്യത്തെ ഭരണഘടന അനുവദിച്ച അവകാശമാണ്. എന്നാല്‍ ഈ കോടതിയില്‍ തന്റെ സ്വകാര്യത സുരക്ഷിതമല്ല എന്നത് ഭയമുണ്ടാക്കുന്നതാണെന്ന് അവർ പറഞ്ഞു.
read also: ‘പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തി’: ഗണേഷ് കുമാറിന് സുരേഷ് ഗോപിയുടെ മറുപടി
ഇരയാക്കപ്പെട്ട വ്യക്തിയുടെ നീതിക്ക് കോട്ട കെട്ടി കരുത്തുപകരേണ്ട കോടതിയില്‍ നിന്നും ഇത്തരം ഒരു ദുരനുഭവം ഉണ്ടാകുമ്പോള്‍ തകരുന്നത് മുറിവേറ്റ മനുഷ്യരും അഹങ്കരിക്കുന്നത് മുറിവേല്‍പ്പിച്ച നീചരുമാണെന്നത് സങ്കടകരമാണ്. എന്നിരുന്നാലും സത്യസന്ധരായ ന്യായാധിപന്മാരുടെ കാലം അവസാനിച്ചിട്ടില്ലെന്ന വിശ്വാസ്യതയോടെ, നീതിക്കായുള്ള പോരാട്ടം തുടരുമെന്നും അതിജീവിത പറഞ്ഞു.
ഓരോ ഇന്ത്യൻ പൗരന്റെയും അവസാനത്തെ അത്താണിയായ നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ വിശുദ്ധി തകരില്ലെന്ന പ്രത്യാശയോടെ എന്റെ യാത്ര തുടരുക തന്നെ ചെയ്യുമെന്നും അവർ വ്യക്തമാക്കി.