ഗുരുവായൂരപ്പന് വിഷുക്കൈനീട്ടമായി ദമ്പതികൾ നൽകിയത് സ്വർണ കിരീടം: ഇന്ന് വി​ഗ്രഹത്തിൽ ചാർത്തും


തൃശൂർ: ​ഗുരുവായൂരപ്പന് സ്വർണക്കിരീടം വിഷുക്കൈനീട്ടമായി നൽകി ദമ്പതികൾ. കോയമ്പത്തൂർ സ്വദേശി ഗിരിജയും ഭർത്താവ് രാമചന്ദ്രനുമാണ് ​ഗുരുവായൂർ ക്ഷേത്രത്തിൽ 20 പവനിലേറെ തൂക്കം വരുന്ന സ്വർണ കിരീടം സമർപ്പിച്ചത്. വിഷുദിനത്തിൽ ​ഗുരുവായൂരപ്പന് ചാർത്തേണ്ടതിനാൽ ഇന്നലെ തന്നെ രാമചന്ദ്രനും ഭാര്യയും കിരീടം ക്ഷേത്രത്തിൽ സമർപ്പിച്ചു.

വിഷു തലേന്ന് ദീപാരാധന കഴിഞ്ഞായിരുന്നു കിരീട സമർപ്പണം. തങ്ക കിരീടത്തിന് 160.350 ഗ്രാം തൂക്കമുണ്ട്. ഏകദേശം 13,08,897 രൂപ വിലമതിക്കുമെന്നാണ് കണക്കാക്കുന്നത്. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, ക്ഷേത്രം ഡിഎ.പ്രമോദ് കളരിക്കൽ, കിരീടം രൂപകല്പന ചെയ്ത രാജേഷ് ആചാര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കഴിഞ്ഞ വർഷം തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ്ഗയും ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്. 32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. അന്ന് പതിനാല് ലക്ഷത്തിലേറെ രൂപ ചെലവിട്ടാണ് സ്വർണ കിരിടം സമർപ്പിച്ചത്. കിരീടത്തിനൊപ്പം ചന്ദനം അരയ്ക്കുന്ന മെഷീനും സമർപ്പിച്ചിരുന്നു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആർ.എം എഞ്ചിനീയറിങ് ഉടമയും തൃശൂർ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീൻ തയ്യാറാക്കിയത്.