‘പടച്ചോൻ തന്ന അരിമണി പാഴാക്കരുതെന്നത് ജീവിതത്തിൽ തത്വമാക്കിയ വ്യക്തി’: ഗണേഷ് കുമാറിന് സുരേഷ് ഗോപിയുടെ മറുപടി
തൃശൂർ: പടച്ചോൻ തന്ന അരിമണി പാഴാക്കരുത് എന്ന കാര്യം ജീവിതത്തിൽ തത്വമാക്കിയ വ്യക്തിയാണ് താനെന്ന് ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി. അച്ഛനെ കണ്ട് താനും തന്നെ കണ്ട് മക്കളും അത് പഠിച്ചെന്ന് സുരേഷ് ഗോപി പറഞ്ഞു. കഴിക്കുന്ന പാത്രം വിരലുവച്ചു വടിച്ചു കഴിക്കും, അങ്ങനെയൊരു പാരമ്പര്യമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. പള്ളിയിൽനിന്ന് സുരേഷ് ഗോപി നോമ്പ് കഞ്ഞികുടിക്കുന്ന രീതിയെ അഭിനയമെന്നു പറഞ്ഞു മന്ത്രി കെ.ബി.ഗണേഷ് കുമാർ പരിഹസിച്ചതിനു പരോക്ഷമായി മറുപടി നൽകുകയായിരുന്നു അദ്ദേഹം.
’77, 78 കാലം മുതൽ നോമ്പ് നോക്കുന്നയാളാണു ഞാൻ. ബിസ്‍മി ചൊല്ലി തന്നെ നോമ്പ് തുറക്കാനും അറിയാം. സലാം പറഞ്ഞാൽ തിരിച്ചു സലാം പറഞ്ഞു അവസാനിപ്പിക്കുന്ന ആളല്ല. അതിന്റെ മുഴുവൻ ടെക്സ്റ്റ് പറഞ്ഞാണ് അവസാനിപ്പിക്കുക’, സുരേഷ് ഗോപി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂരിൽ നടന്ന യോഗത്തിലാണു സുരേഷ് ഗോപിയുടെ വിശദീകരണം.
സുരേഷ് ഗോപി തൃശൂരിലെ ഒരു പള്ളിയിൽനിന്നു നോമ്പ് കഞ്ഞി കുടിക്കുന്ന വിഡിയോയിലെ ചില ഭാഗങ്ങൾ ചൂണ്ടിക്കാട്ടി ഗണേഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. ‘അദ്ദേഹത്തിന്റെ അഭിനയം ഭയങ്കരമാണ്. സുരേഷ് ഗോപി പള്ളിക്കകത്ത് കയറി നിസ്‍കരിക്കുമോ എന്നു പേടിച്ചു. നോമ്പ് കഞ്ഞി ജീവിതത്തിൽ ആദ്യമായി കാണുന്നതു പോലെ തള്ളവിരലിട്ടു നക്കി തിന്നുണ്ടായിരുന്നു. നോമ്പ് കഞ്ഞിയൊക്കെ വീണ്ടും ചോദിച്ചാൽ കിട്ടില്ലേ. പകല് മുഴുവന്‍ ഉണ്ടു കുടിച്ചു കിടന്നിട്ടു വൈകിട്ട് നോമ്പ് കഞ്ഞി കിട്ടിയപ്പോള്‍ ജീവിതത്തില്‍ കഞ്ഞി കാണാത്തതു പോലെ തള്ളവിരലും നക്കിയേച്ചും വരുന്നു. ഇതൊക്കെ നാടകമല്ലേ’, ഗണേഷ് കുമാർ പരിഹസിച്ചിരുന്നു.