ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ, പ്രത്യേക യോ​ഗം വിളിച്ച് നെതന്യാഹു: ‘തിരിച്ചടിക്കും’ താക്കീത് | Iran


ടെൽ അവീവ്: പശ്ചിമേഷ്യയില്‍ യുദ്ധഭീതിനിലനില്‍ക്കേ ഇസ്രയേൽ ലക്ഷ്യമാക്കി ഡ്രോണുകളും മിസൈലുകളും തൊടുത്ത് ഇറാൻ. ഇറാൻ സൈന്യം കൂടാതെ മറ്റ് സഖ്യരാജ്യങ്ങളിൽ നിന്നും ഇസ്രയേലിനുനേരെ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ഞായറാഴ്ച പുലർച്ചെയോടെയായിരുന്നു ആക്രമണം. തങ്ങള്‍ക്കെതിരായ ആക്രമണത്തെ നേരിടാൻ ഇസ്രയേൽ തയ്യാറാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.

പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ പ്രത്യേക യോ​ഗവും പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്തിട്ടുണ്ട്. ഇറാനില്‍ നിന്ന്‌ വ്യോമാക്രമണമുണ്ടായതായി ഇസ്രയേൽ സേനയും സ്ഥിരീകരിച്ചു.ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രയേലിലെ നെഗേവി വ്യോമത്താവളത്തിന് വൻ നാശനഷ്ടങ്ങള്‍. ഇസ്രയേലി സൈന്യം ഇക്കാര്യം സ്ഥിരീകരിച്ചു.

തങ്ങളുടെ രണ്ടു സൈനിക ജനറല്‍മാര്‍ കൊല്ലപ്പെടാൻ ഇടയാക്കിയ ഡമാസ്‌ക്കസിലെ നയതന്ത്രകാര്യാലയത്തിന് നേരെയുള്ള ആക്രമണത്തിന്‍റെ സാഹചര്യത്തിലാണ് നെഗേവി വ്യോമത്താവളം അക്രമിച്ചതെന്ന് ഇറാന്‍ വ്യക്തമാക്കി. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാന്‍ നഗരങ്ങളില്‍ ആഹ്ലാദപ്രകടനങ്ങള്‍ നടന്നു.ആക്രമണത്തിന് ഖെയ്ബാര്‍ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാന്‍ സൈന്യം പ്രയോഗിച്ചതെന്ന് രാജ്യത്തെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, 200-ഓളംമിസൈലുകളും ഡ്രോണുകളും ഇറാന്‍ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തതായും ഇസ്രയേല്‍ സൈന്യം അവകാശപ്പെട്ടു. ഇതിനിടെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നല്‍കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നതിന് അടിയന്തരമായി ചേര്‍ന്ന ഇസ്രയേല്‍ സുരക്ഷാ മന്ത്രിസഭാ യോഗം യുദ്ധകാല മന്ത്രിസഭയ്ക്ക് അധികാരം നല്‍കി.

ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേല്‍ മന്ത്രിസഭാ സമിതിക്ക് സുരക്ഷാ മന്ത്രിസഭയുടെ അനുമതിയില്ലാതെ നടപടികള്‍ സ്വീകരിക്കാൻ കഴിയും. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായി ഫോണില്‍ ചര്‍ച്ചനടത്തുകയും ചെയ്തു. നെതന്യാഹുവിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിതല യോഗത്തിന് ശേഷമായിരുന്നു ബൈഡനുമായുള്ള ചര്‍ച്ച. പശ്ചിമേഷ്യയില്‍ യുദ്ധഭീതി നിലനില്‍ക്കേ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇന്ന് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.