പ്രളയത്തില്‍ ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹ ജീവിതം നേടാൻ മരണം, പിന്നിൽ നവീൻ: അന്തിമ നിഗമനത്തിലെത്തിയെന്ന് ഡിസിപി


തിരുവനന്തപുരം: അരുണാചല്‍ പ്രദേശിൽ മലയാളികളായ മൂന്നു പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം അന്തിമ നിഗമനത്തിലെത്തിയെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിധിൻ രാജ്. പ്രളയത്തില്‍ ഭൂമി നശിക്കുന്നതിന് മുമ്പ് അന്യഗ്രഹ ജീവിതം നേടാൻ വേണ്ടിയായിരുന്നു മൂവരും മരണം തിരഞ്ഞെടുത്തത്.

നവീനാണ് ഭാര്യ ദേവിയേയും സുഹൃത്ത് ആര്യയേയും വിചിത്ര വഴിയിലേക്ക് നയിച്ചതെന്ന് ഡി സി പി അറിയിച്ചു. 2014ലാണ് നവീൻ വിചിത്ര വിശ്വാസത്തിലേക്ക് തിരിയുന്നത്. മരിക്കാനുള്ള തീരുമാനവും ഇയാളുടേത് തന്നെയായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

read also: പൊതുഗതാഗത സംവിധാനത്തില്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുത് : അഞ്ച് വർഷത്തേക്ക് യുവാവിന് വിലക്കുമായി കോടതി

ഉയർന്ന പ്രദേശത്തുവച്ച്‌ മരിച്ചാല്‍ വേഗം പുനർജന്മം സാദ്ധ്യമാകുമെന്ന് കരുതിയാണ് അരുണാചല്‍ പ്രദേശില്‍വച്ച്‌ മരിക്കാൻ തീരുമാനിച്ചത്. ഇവരുടെ മരണത്തിലോ ഇത്തരത്തിലുള്ള വിചിത്ര വിശ്വാസത്തിനോ മറ്റാർക്കും പങ്കില്ലെന്നും ഡി സി പി കൂട്ടിച്ചേർത്തു.

മാർച്ച്‌ 27നാണ് വട്ടിയൂർക്കാവ് മേലത്തുമേലെ എംഎംആർഎ 198 ശ്രീരാഗത്തില്‍ ആര്യ ബി നായരെ (29) കാണാതായത്. യുവതി അദ്ധ്യാപികയാണ്. ആര്യയുടെ വിവാഹം നടക്കാനിരിക്കെയായിരുന്നു. തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതിന് പിന്നാലെയാണ് ആര്യയുടെ സുഹൃത്തുക്കളായ നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്നു പറഞ്ഞു വീട് വിട്ടു പോയതിലും സംശയം തോന്നിയത്. അന്വേഷണത്തിനിടയിൽ മാർച്ച്‌ 27നു മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഇൻഡിഗോ വിമാനത്തില്‍ പോയതെന്ന് കണ്ടെത്തി.

ഇറ്റാനഗറില്‍ നിന്ന് 100 കിലോമീറ്റർ മാറി സിറോയിലെ ഹോട്ടലിലാണ് ഇവർ മുറിയെടുത്തത്. ഇവരെ പുറത്തു കാണാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാർ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി പോകുന്നു’ എന്ന് എഴുതിയ ആത്മഹത്യാകുറിപ്പും കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെ ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകളും മറ്റും, പോലീസ് പരിശോധിച്ചു.