ഇറാൻ പിടിച്ചെടുത്ത ശതകോടീശ്വരന്റെ കപ്പലിലെ മലയാളികള്‍ കോഴിക്കോട്, പാലക്കാട്, വയനാട് സ്വദേശികള്‍


കോഴിക്കോട്: ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി ശതകോടീശ്വരന്റെ ചരക്കുകപ്പലില്‍ മലയാളികൾ. രാമനാട്ടുകര സ്വദേശിയായ ശ്യാംനാഥ് തേലംപറമ്പത്ത് അടക്കം മൂന്ന് മലയാളികള്‍ ഉള്‍പ്പടെ 25 ജീവനക്കാരാണ് കപ്പലിലുള്ളത്. ഇതില്‍ 17 പേരും ഇന്ത്യക്കാരാണ്. ശ്യംനാഥിനെ കൂടാതെ പാലക്കാട് സ്വദേശി സുമേഷും വയനാട്ടുകാരനായ പി.വി.ധനേഷുമാണ് കപ്പലിലുള്ള മലയാളികള്‍.

read also: കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ തട്ടി ചിന്ത ജെറോമിന് പരിക്ക്

ശ്യാംനാഥ് ലക്ഷദീപ് അഡ്മിനിസ്ട്രേഷൻ ഓഫീസില്‍ നിന്ന് വിരമിച്ച രാമനാട്ടുകര സ്വദേശി പി. വി. വിശ്വനാഥന്റെ മകനാണ്. ശനിയാഴ്ച ശ്യാംനാഥ് തന്നോടും ഭാര്യയോടും സംസാരിച്ചിരുന്നു. അപ്പോള്‍ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് വിശ്വനാഥൻ പ്രതികരിച്ചു.

ദുബായില്‍നിന്ന് മുംബൈയിലെ നവഷേവ തുറമുഖത്തേക്ക് വരുകയായിരുന്ന എം.എസ്.സി. ഏരീസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കില്‍വെച്ച്‌ ഇറാന്റെ ഔദ്യോഗികസേനാ വിഭാഗമായ റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) ശനിയാഴ്ച പിടിച്ചെടുത്ത് തീരത്തേക്കടുപ്പിച്ചത്.