പാക് ജയിലില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ ഘാതകന്‍ അമീര്‍ സര്‍ഫറാസ് അജ്ഞാതരുടെ വെടിയേറ്റുമരിച്ചു


ലാഹോര്‍ : പാക് ജയിലില്‍വച്ച് 2013-ല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ പൗരന്‍ സരബ്ജിത് സിങ്ങിന്റെ ഘാതകരില്‍ ഒരാളായ അമീര്‍ സര്‍ഫറാസ് ലാഹോറില്‍വച്ച് അജ്ഞാതരുടെ വെടിയേറ്റുമരിച്ചു. അധോലോക കുറ്റവാളി ആയിരുന്ന സര്‍ഫറാസിനെ രണ്ടുപേര്‍ ചേര്‍ന്നാണ് വെടിവച്ച് കൊലപ്പെടുത്തിയതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

2013-ലാണ് സരബ്ജിത് ലാഹോര്‍ ജയിലില്‍വച്ച് കൊല്ലപ്പെടുന്നത്. അധോലോക കുറ്റവാളിയായ സര്‍ഫറാസും സഹതടവുകാരനും ചേര്‍ന്ന് അദ്ദേഹത്തെ ക്രൂരമായി ഉപദ്രവിച്ചുവെന്നാണ് പറയപ്പെടുന്നത്. ചുടുകട്ടയും മൂര്‍ച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നിലയില്‍ അദ്ദേഹത്തെ 2013 മെയ് മാസത്തിലാണ് ലാഹോറിലെ ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നത്. അഞ്ച് ദിവസത്തിനുശേഷം അദ്ദേഹം ഹൃദയാഘാതംമൂലം മരിച്ചു.

പഞ്ചാബ് സ്വദേശിയായ സരബ്ജിത്തിനെ 1990-ലാണ് ചാരവൃത്തിയും ബോംബ് സ്‌ഫോടനങ്ങളിലെ പങ്കും ആരോപിച്ച് പാക് അധികൃതര്‍ അറസ്റ്റു ചെയ്യുന്നത്. പാകിസ്ഥാന്റെ ആരോപണം ഇന്ത്യയും സരബ്ജിത്തിന്റെ ബന്ധുക്കളും നിഷേധിച്ചിരുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ദീര്‍ഘകാലം പാക് ജയിലില്‍ കഴിയേണ്ടിവരികയുംചെയ്ത അദ്ദേഹം 2013ലാണ് കൊല്ലപ്പെടുന്നത്. അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത് ഇന്ത്യയില്‍ വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ദയാഹര്‍ജികളടക്കം പലതവണ സമര്‍പ്പിക്കപ്പെട്ടെങ്കിലും അവയൊന്നും ഫലംകണ്ടില്ല. അദ്ദേഹത്തെ ആക്രമിച്ച അധോലോക കുറ്റവാളി സര്‍ഫറാസിനെ 2018 ഡിസംബറില്‍ ലാഹോറിലെ കോടതി മോചിപ്പിച്ചിരുന്നു.