ഫാത്തിമയുടെ കൊല:പ്രതികള്‍ അതിബുദ്ധി കാണിച്ചെങ്കിലും പിന്നീടുണ്ടായത് വന്‍ പാളിച്ചകള്‍, അലക്‌സും കവിതയും വലയിലായത് ഇങ്ങനെ
ഇടുക്കി: അടിമാലിയില്‍ വയോധികയുടെ കൊലപാതകത്തില്‍ പ്രതികള്‍ പിടിയിലാകാനുള്ള തുമ്പ് ലഭിച്ചത് അടിമാലിയിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന്. അടിമാലി കുരിയന്‍സ് പടിയില്‍ താമസിക്കുന്ന 70 വയസ്സുകാരി ഫാത്തിമ കാസിമിനെ കൊന്ന് സ്വര്‍ണവുമായി മുങ്ങിയ പ്രതികള്‍, അടിമാലിയിലെ തന്നെ ധനകാര്യ സ്ഥാപനത്തില്‍ ഇതില്‍ ചിലത് പണയം വെച്ചിരുന്നു. ഇവിടെ നല്‍കിയ വിലാസവും ഫോണ്‍ നമ്പറും പ്രതികളുടേത് തന്നെയായിരുന്നു. ഫാത്തിമയുടെ വീടിനടുത്ത് കണ്ട രണ്ട് പേരെ തിരഞ്ഞെത്തിയ പൊലീസിന് പ്രതികള്‍ ഇവരാണെന്ന് വ്യക്തമാവുകയും, പ്രതികളെ കണ്ടെത്താന്‍ സാധിക്കുന്ന ഫോണ്‍ നമ്പറും വിലാസവും കിട്ടുകയും ചെയ്തു.
Read Also: ജൂണ്‍ 4-നെ അവരുടെ ഹൃദയത്തില്‍ ചേക്കേറിയോ ഇല്ലയോ എന്ന് അറിയാൻ സാധിക്കൂ: സുരേഷ് ഗോപി
ഫാത്തിമയെ തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം സ്ഥലത്ത് മുളകുപൊടി വിതറിയാണ് പ്രതികള്‍ മുങ്ങിയത്. ഇത് കണ്ട് പ്രതികള്‍ ബുദ്ധിമാന്മാരാണെന്നാണ് കരുതിയതെങ്കിലും അധികം വൈകാതെ എല്ലാം മാറിമറിഞ്ഞു. ഫോണ്‍ നമ്പറിന്റെ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാണ് പ്രതികളായ കവിതയെയും കെജെ അലക്‌സിനെയും പാലക്കാട് നിന്ന് അറസ്റ്റ് ചെയ്തത്. ഇന്നലെ പകല്‍ 11 നും നാല് മണിക്കും ഇടയിലാണ് കൊലപാതകം നടന്നത്. വൈകിട്ട് നാല് മണിക്ക് ശേഷം ഫാത്തിമയുടെ മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഉമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരോടും വിവരം തിരക്കി. അപ്പോഴാണ് പരിചയമില്ലാത്ത രണ്ട് പേരെ വീടിന് സമീപത്ത് കണ്ടിരുന്നതായി മൊഴി ലഭിച്ചത്.
സിസിടിവികള്‍ പരിശോധിച്ച പൊലീസിന് നാട്ടുകാര്‍ പറഞ്ഞത് ശരിയാണെന്ന് ബോധ്യപ്പെട്ടു. പിന്നീട് ഇവരുടെ സഞ്ചാര ദിശ മറ്റ് സിസിടിവികള്‍ നോക്കി മനസിലാക്കി. അടിമാലിയിലെ ധനകാര്യ സ്ഥാപനത്തിലാണ് പ്രതികള്‍ എത്തിയതെന്ന് പൊലീസിന് മനസിലായി. ഇവിടെ നിന്ന് കിട്ടിയ ഫോണ്‍ നമ്പറിന്റെ സഞ്ചാര ദിശ മനസിലാക്കി പാലക്കാടെത്തിയപ്പോള്‍ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഫാത്തിമയുടെ പക്കല്‍ നിന്നും മോഷ്ടിച്ച സ്വര്‍ണത്തില്‍ പണയം വച്ചതിന്റെ ബാക്കി അപ്പോഴും പ്രതികളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇതടക്കം പ്രതികളെ കസ്റ്റഡിയിലെടുത്ത പൊലീസ് പ്രതികളെ അടിമാലിയിലേക്ക് എത്തിച്ചു. പ്രതികളെ ഇനിയും വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. ഇവരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.