ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ


ന്യൂഡല്‍ഹി: ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെക്കാന്‍ ഇന്ത്യ. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം. ഇസ്രായേലിലെ ടെല്‍ അവീവിലേക്കും തിരിച്ചുമുള്ള സര്‍വീസുകളാണ് റദ്ദാക്കുവാന്‍ സാധ്യത. ഔദ്യോഗിക അറിയിപ്പ് ഉടനുണ്ടായേക്കും.

എയര്‍ ഇന്ത്യ വിമാനം ഇന്നലെ ടെല്‍ അവീവ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തിരുന്നു. ഇ.എല്‍ എ.എല്‍, എയര്‍ ഇന്ത്യ എന്നീ കമ്പനികളും ഇസ്രായേലിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യയിലെ വിമാനകമ്പനികളായ എയര്‍ ഇന്ത്യയും വിസ്താരയും ഇറാന്‍ വ്യോമപാത ഒഴിവാക്കി സര്‍വീസ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

മധ്യേഷ്യയിലെ നിലവിലെ സംഘര്‍ഷാന്തരീക്ഷം നിരീക്ഷിച്ചു വരുന്നതായി എയര്‍ ഇന്ത്യ അറിയിച്ചു. യൂറോപ്പിലേക്കും യു എസിലേക്കും മധ്യേഷ്യയിലേക്കും കൂടുതല്‍ സര്‍വീസുകള്‍ നടത്തുന്ന വിമാനകമ്പനിയാണ് എയര്‍ ഇന്ത്യ. വിദേശകാര്യ മന്ത്രാലയം ഏപ്രില്‍ 12 ന്, ഇന്ത്യന്‍ പൗരന്മാര്‍ക്ക് വേണ്ടി പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇരു (ഇറാന്‍, ഇസ്രായേല്‍) രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഇറാനിലോ ഇസ്രായേലിലോ താമസിക്കുന്നവര്‍ അവിടെയുള്ള ഇന്ത്യന്‍ എംബസികളുമായി ബന്ധപ്പെടാനും രജിസ്റ്റര്‍ ചെയ്യാനും ഇതോടൊപ്പം അഭ്യര്‍ഥിക്കുകയും ചെയ്തു.