അബ്ദുള്‍ റഹീമിനെയും കുടുംബത്തെയും ചേര്‍ത്തുപിടിച്ച് ലുലു ഗ്രൂപ്പ്, വീട് നിര്‍മിച്ച് നല്‍കും: നിര്‍മാണം ഉടന്‍ ആരംഭിക്കും
കോഴിക്കോട്: സൗദിയിലെ ജയിലില്‍ കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിനെ മോച്ചിപ്പിക്കാനായുള്ള ദയാധനമായ 34 കോടി ലോക മലയാളികള്‍ ചേര്‍ന്ന് സമാഹരിച്ചതിന് പിന്നാലെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി അറിയിച്ച് റഹീം നിയമ സഹായ സമിതി. അബ്ദുള്‍ റഹീമിന് വീട് നിര്‍മിച്ച് നല്‍കുമെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചതായി നിയമ സഹായ സമിതി അറിയിച്ചു.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിക്ക് വേണ്ടി റിയാദ് ലുലു ഡയറക്ടര്‍ ഷഹീന്‍ മുഹമ്മദുണ്ണിയാണ് ഇക്കാര്യം അറിയിച്ചതെന്നും നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും റഹീം നിയമ സഹായ സമിതി അറിയിച്ചു.
അതേസമയം, അബ്ദുള്‍ റഹീമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളും ഇതിനോടകം ഊര്‍ജിതമാക്കിയിട്ടുണ്ട്. 34 കോടി രൂപ സമാഹരിച്ചെങ്കിലും അബ്ദുള്‍ റഹീമിനെ നാട്ടിലെത്തിക്കാന്‍ ഇനിയും നിരവധി കടമ്പകളുണ്ട്.
റഹീമിന് സംഭവിച്ച കയ്യബദ്ധത്തെത്തുടര്‍ന്ന് ജീവന്‍ നഷ്ടമായ സൗദി സ്വദേശിയായ പതിനഞ്ചുകാരന് നല്‍കാനുള്ള 34 കോടി രൂപ സമാഹരിച്ചെന്ന വിവരം റിയാദിലെ നിയമസഹായ സമിതി ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. സൗദി കുടുംബത്തിന്റെ അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയശേഷം തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് നിയമ സഹായ സമിതിയുടെ തീരുമാനം.
കരാര്‍ പ്രകാരമുള്ള തുക സമാഹരിക്കപ്പെട്ടെന്നും വധശിക്ഷ റദ്ദ് ചെയ്യണമെന്ന കുടുംബത്തിന്റെ സമ്മതം കോടതിയില്‍ അറിയിക്കണമെന്നും ആവശ്യപ്പെടും.
കോടതി അനുമതി ലഭിച്ചാല്‍ സമാഹരിച്ച 34 കോടി രൂപ ഇന്ത്യന്‍ എംബസി മുഖേന സൗദി കുടുംബത്തിന്റെ പേരില്‍ ഇതിനായി മാത്രം തയ്യാറാക്കുന്ന അക്കൗണ്ടിലേക്ക് കൈമാറുന്നതാണ് പിന്നീടുള്ള നടപടിക്രമം. അതിന് ശേഷം വധശിക്ഷ റദ്ദ് ചെയ്‌തെന്ന ഉത്തരവ് ഇറക്കണം. ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്നും ഫലപ്രദമായ ഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് റിയാദിലെ അബ്ദുല്‍ റഹീം നിയമസഹായ സമിതി അറിയിച്ചു.
മകനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് അബ്ദുല്‍ റഹീമിന്റെ ഉമ്മ ഫാത്തിമ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സാധാരണക്കാരായ നിരവധി പേരാണ് റഹീമിന്റെ വീട്ടിലെത്തുന്നത്. കോടതിയുമായി ബന്ധപ്പെട്ട നിരവധി നടപടിക്രമങ്ങള്‍ ബാക്കിയുള്ളതിനാല്‍ മോചനത്തിന് ഏറ്റവും ചുരുങ്ങിയത് ഒന്നരമാസമെങ്കിലും എടുക്കേണ്ടി വരുമെന്നാണ് കരുതുന്നത്.
2006ല്‍ തന്റെ 26-ാം വയസ്സിലാണ് അബ്ദുല്‍ റഹീമിനെ സൗദിയിലെ ജയിലില്‍ അടച്ചത്. ഡ്രൈവര്‍ വിസയിലാണ് റഹീം ഇവിടെ എത്തിയത്. തലക്ക് താഴെ ചലന ശേഷി നഷ്ടപ്പെട്ട സ്‌പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. ഫായിസിന് ഭക്ഷണവും വെള്ളവുമുള്‍പ്പെടെ നല്‍കിയിരുന്നത് കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ട ചുമതലയും റഹീമിനായിരുന്നു. 2006 ഡിസംബര്‍ 24നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ കൊണ്ടുപോകുന്നതിനിടയില്‍ അബ്ദുല്‍ റഹീമിന്റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോവുകയായിരുന്നു. ബോധരഹിതനായ ഫായിസ് പിന്നീട് മരിക്കുകയും ചെയ്തു.
സംഭവത്തെ തുടര്‍ന്ന് കൊലപാതക കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും റിയാദിലെ കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചിരുന്നു. ഈ കാലയളവിനിടയില്‍ ഫായിസിന്റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ അവര്‍ തയാറായിരുന്നില്ല.
പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് എം.ഡിയുമായ എം.എ യൂസഫലിയും വിഷയത്തില്‍ ഇടപെട്ടിരുന്നു. ഒടുവില്‍ ഏറെ പ്രതീക്ഷ നല്‍കിക്കൊണ്ട് 34 കോടി രൂപ ദയാധനമെന്ന ഉപാധിയില്‍ ഫായിസിന്റെ കുടുംബം സമ്മതം അറിയിക്കുകയായിരുന്നു.