കരുവന്നൂര്‍ തട്ടിപ്പ് കേസ്: നിർണായക നീക്കവുമായി ഇഡി, പ്രതികളില്‍ നിന്നും കണ്ടുകെട്ടിയ തുക നിക്ഷേപകര്‍ക്ക് കൈമാറും


തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ഇഡിയുടെ നിർണായക നീക്കം. പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാവുന്നതാണെന്ന് ഇ.ഡി. കോടതിയെ അറിയിച്ചു. കരുവന്നൂര്‍ കേസിലെ 54 പ്രതികളില്‍ നിന്നായി 108 കോടി രൂപയോളം മൂല്യമുള്ള സ്വത്താണ് ഇ.ഡി. കണ്ടുകെട്ടിയത്. ഇത് നിക്ഷേപകര്‍ക്ക് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ) പുതിയ ഭേദഗതി പ്രകാരം പ്രതികളില്‍നിന്ന് കണ്ടുകെട്ടിയ പണം നിക്ഷേപകര്‍ക്ക് നല്‍കാന്‍ അവസരമുണ്ടെന്നും ഇ.ഡി. വ്യക്തമാക്കി. പ്രതികളില്‍നിന്ന് ഇ.ഡി. കണ്ടുകെട്ടിയ സ്വത്തുവകകളില്‍നിന്ന് തങ്ങളുടെ നിക്ഷേപത്തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചില നിക്ഷേപകര്‍ നല്‍കിയ ഹര്‍ജിയിലാണ് ഇ.ഡി. നിര്‍ദേശം. നിക്ഷേപകരുടെ ആവശ്യം പരിഗണിക്കാവുന്നതാണെന്ന് കോടതി ഇ.ഡിയോട് പറഞ്ഞു.

അതേസമയം ഇന്ന് കുന്നംകുളത്ത് പ്രചാരണത്തിനെത്തിയ നരേന്ദ്രമോദി കരുവന്നൂര്‍ കേസ് എടുത്ത് പറഞ്ഞിരുന്നു. അദ്ദേഹം സി.പി.എമ്മിനെ രൂക്ഷമായി വിമര്‍ശിച്ചു. സി.പി.എം. സാധാരണക്കാരുടെ പണം കൊള്ളയടിച്ചു. ദരിദ്രരുടെ പണം പോലും തിരികെ കിട്ടാത്ത അവസ്ഥ. പലരുടേയും മക്കളുടെ കല്യാണം മുടങ്ങി. ജനങ്ങളുടെ സങ്കടങ്ങള്‍ പറഞ്ഞ് ആലത്തൂരിലെ സ്ഥാനാര്‍ഥിയെ നേരിട്ട് വിളിച്ചു. കരഞ്ഞുകൊണ്ട് അവർ കാര്യങ്ങള്‍ പറഞ്ഞെന്നും മോദി പറഞ്ഞിരുന്നു.