ആദ്യ ഭർത്താവിന്റെ ഹർജി: പബ്ജി പ്രണയത്തിൽ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്നെത്തിയ സീമയ്ക്ക് സമൻസ് അയച്ച് കോടതി
ന്യൂഡൽഹി: പബ്ജി വഴി സൗഹൃദത്തിലായ യുവാവുമൊത്ത് ജീവിക്കാൻ മക്കളെ ഉപേക്ഷിച്ച് പാകിസ്താനിൽ നിന്ന് ഇന്ത്യയിലെത്തിയ യുവതിക്കെതിരെ കോടതി. സച്ചിൻ മീണയുമായുള്ള സീമ ഹൈദറിന്റെ വിവാഹസാധുത ചോദ്യംചെയ്ത് ഭർത്താവ് നൽകിയ ഹർജിയിൽ ആണ് സീമ ഹൈദറിന് നോയിഡയിലെ കോടതി സമൻസ് അയച്ചത്. മേയ് 27-ന് കോടതിയിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
സീമ ഹൈദർ തന്റെ ആദ്യഭർത്താവിൽ നിന്നും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലാത്ത സാഹചര്യത്തിൽ സച്ചിൻ മീണയുമായുള്ള ഇന്ത്യയിലെ വിവാഹത്തിന് സാധുതയില്ലെന്നാണ് ഗുലാം ഹൈദർ ആരോപിക്കുന്നത്. തന്റെ മക്കളുടെ മതപരിവർത്തനത്തെയും ഗുലാം ഹൈദർ തന്റെ ഹർജിയിൽ ചോദ്യംചെയ്യുന്നുണ്ട്.
2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഫോൺനമ്പർ കൈമാറി വാട്സാപ്പിൽ ബന്ധമാരംഭിച്ചു. വിവാഹിതയും നാലുമക്കളുടെ അമ്മയുമായ യുവതി 15 ദിവസത്തെ സന്ദർശകവിസയിലാണ് പാകിസ്താനിൽനിന്ന് പോന്നത്. മാർച്ചിൽ ഇരുവരും നേപ്പാളിലെ കാഠ്മണ്ഡുവിൽ കണ്ടുമുട്ടുകയും ഹോട്ടലിൽ തങ്ങുകയും ചെയ്തിരുന്നു. പിന്നീട് മേയിൽ മക്കൾക്കൊപ്പം സീമ വീണ്ടും നേപ്പാളിലെത്തി. തുടർന്ന് ഇന്ത്യയിലേക്കും കടന്നു.
പാകിസ്താനിലെ കറാച്ചി വിമാനത്താവളത്തിൽനിന്ന് ദുബായ് വഴിയാണ് കാഠ്മണ്ഡുവിലെത്തിയത്. അവിടെനിന്ന് പൊഖാര വഴി ബസിൽ ഇന്ത്യൻ അതിർത്തികടന്നു. ഗ്രേറ്റർ നോയിഡയിൽ സച്ചിൻ വാടകയ്ക്കെടുത്തിരുന്ന വീട്ടിൽ തുടർന്ന് ഇവർ ഒന്നിച്ച് താമസമാരംഭിക്കുകയായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യാൻ ഇവർ നിയമസഹായം തേടിയപ്പോൾ, യുവതി അനധികൃതമായി അതിർത്തികടന്നതാണെന്ന് സംശയം തോന്നിയ അഭിഭാഷകൻ പോലീസിനെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തായത്.
സീമയ്ക്ക് അഭയം നൽകിയ കാമുകൻ സച്ചിൻ മീണ, ഇയാളുടെ അച്ഛൻ നേത്രപാൽ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തിൽ വിട്ടയച്ചു. സച്ചിനാണ് തന്റെ ഭർത്താവെന്നും നാലുകുട്ടികളും പിതാവായി അദ്ദേഹത്തെ സ്വീകരിച്ചതായും സീമ പിന്നീട് അറിയിച്ചിരുന്നു.