പാലക്കാട്: കേരളത്തിലെ ആദ്യ ഡബിള്‍ ഡെക്കര്‍ ട്രെയിനിന്റെ പരീക്ഷണയോട്ടം വിജയം. ബെംഗളൂരു-കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിനു മുന്നോടിയായാണ് പൊള്ളാച്ചി – പാലക്കാട് റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തിയത്.
വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളാച്ചി പാതയില്‍ ആവശ്യത്തിനു ട്രെയിനുകളില്ലെന്ന പരാതിക്ക് പരിഹാരം കാണുകയാണു ലക്ഷ്യം.
രാവിലെ എട്ടിനു കോയമ്പത്തൂരില്‍ നിന്നു പുറപ്പെട്ട ട്രെയിന്‍ 11.05ന് പാലക്കാട് ജംഗ്ഷന്‍ റെയില്‍വേ സ്റ്റേഷനിലെത്തി. 11.25ന് പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ട്രെയിന്‍ 11.50ന് പാലക്കാട് ജംഗ്ഷനില്‍ മടങ്ങിയെത്തി. ഇവിടെ നിന്നു 12ന് പുറപ്പെട്ടു 2.30നു കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയില്‍വേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിള്‍ ഡക്കര്‍ എസി ചെയര്‍ കാര്‍ ട്രെയിനാണിത്. ട്രെയിനിന്റെ സമയക്രമത്തില്‍ തീരുമാനമായിട്ടില്ല. ദക്ഷിണ റെയില്‍വേയുടെ സേലം, പാലക്കാട് ഡിവിഷനുകള്‍ ചേര്‍ന്നാണ് പരീക്ഷണ ഓട്ടം നടത്തുന്നത്.