ദുബായില്‍ നിന്നുള്ള ചെക്ക് ഇന്‍ നിര്‍ത്തിവെച്ച് എമിറേറ്റ്‌സ് : യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍
ദുബായ്: കനത്ത മഴയും മോശം കാലാവസ്ഥയും ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളെയും ബാധിച്ചു. കനത്ത മഴ കാരണം നിരവധി വിമാനസര്‍വീസുകളാണ് വൈകുന്നത്. ചില വിമാനങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്തു.
ദുബായില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കുള്ള ചെക്ക് ഇന്‍ സസ്‌പെന്‍ഡ് ചെയ്തതായി എമിറേറ്റ്‌സ് എയര്‍ലൈന്‍ അറിയിച്ചു. ഏപ്രില്‍ 17 ബുധനാഴ്ച രാവിലെ എട്ടുമണി മുതല്‍ അര്‍ധരാത്രി 12 മണി വരെയാണ് ചെക്ക് ഇന്‍ നിര്‍ത്തി വെച്ചത്. മോശം കാലാവസ്ഥയും റോഡിലെ തടസങ്ങളും കാരണമാണ് ചെക്ക് ഇന്‍ താത്കാലികമായി നിര്‍ത്തിവെച്ചതെന്നാണ് എമിറേറ്റ്‌സിന്റെ വിശദീകരണം. യാത്രക്കാര്‍ക്ക് റീബുക്കിങ്ങിനായി ബുക്കിങ് ഏജന്റുമാരുമായോ എമിറേറ്റ്‌സ് കോണ്‍ടാക്ട് സെന്ററുമായോ ബന്ധപ്പെടാമെന്നും അധികൃതര്‍ അറിയിച്ചു.
നിലവിലെ സാഹചര്യത്തില്‍ വിമാനങ്ങള്‍ പുറപ്പെടുന്നതിലും എത്തിച്ചേരുന്നതിലും താമസം നേരിട്ടേക്കാം. അതിനാല്‍ ഏറ്റവും പുതിയ ഷെഡ്യൂളുകള്‍ അറിയാനായി യാത്രക്കാര്‍ എമിറേറ്റ്‌സ് വെബ്‌സൈറ്റ് പരിശോധിക്കണമെന്നും പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു.
മോശം കാലാവസ്ഥ കാരണം നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയോ സര്‍വീസ് വൈകുകയോ ചെയ്തിട്ടുണ്ടെന്ന് ഫ്‌ളൈ ദുബായ് വക്താവും പ്രസ്താവനയിലൂടെ അറിയിച്ചു.
അതിനിടെ, അത്യാവശ്യമില്ലാത്തവര്‍ വിമാനത്താവളത്തിലേക്ക് വരരുതെന്ന് ദുബായ് വിമാനത്താവള അധികൃതര്‍ നിര്‍ദേശംനല്‍കി. വിമാനങ്ങള്‍ വൈകുന്നതും വഴിതിരിച്ചുവിടുന്നതും തുടരുകയാണെന്നും അതിനാല്‍ വിമാനക്കമ്ബനികളുമായി നേരിട്ട് ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ പരിശോധിക്കണമെന്നും വിമാനത്താവള അധികൃതര്‍ നിര്‍ദേശിച്ചു.
കനത്ത മഴ കാരണം ദുബായ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഈ തടസങ്ങള്‍ നീക്കംചെയ്യാനായി എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നിരന്തരം ശ്രമങ്ങള്‍ തുടരുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിപ്പോയത്. ഇവര്‍ക്ക് ഭക്ഷണവും വെള്ളവും ഉള്‍പ്പെടെ ലഭ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു.