മണിയുടെ കയ്യിലിരുപ്പ് കൂടിയുണ്ട്, ചികിത്സിച്ചില്ല, എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്: വെളിപ്പെടുത്തി സലിം കുമാർ


തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നതെന്നും മണി പേടികൊണ്ട് ചികിത്സിക്കാൻ തയാറായില്ലെന്നും വെളിപ്പെടുത്തി നടൻ സലിംകുമാർ. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. സിനിമയില്‍ നിന്ന് ഇതിന്റെ പേരില്‍ പുറത്താകുമോ എന്ന് പേടിച്ചിരുന്നെന്നും സലിം കുമാർ പറഞ്ഞു.

‘മണിയുടെ മരണം പ്രതീക്ഷിക്കാതെയായിരുന്നു. പെട്ടെന്ന് പോകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മണിയുടെ കയ്യിലിരുപ്പ് കൂടിയായിരുന്നു കുറച്ച്‌. അവൻ ഡോക്ടറെ കണ്ട് ചികിത്സിച്ചിരുന്നില്ല. ഡോക്ടർ എന്നെ വിളിച്ചു മണിയോട് ഒന്ന് വന്ന് ട്രീറ്റ് ചെയ്യാൻ പറ എന്ന് പറഞ്ഞിരുന്നു. എനിക്ക് വന്ന അസുഖം തന്നെയാണ് അവനും വന്നത്. സിംപിളായി മാറ്റാമായിരുന്നു. പക്ഷെ പേടിച്ചിട്ട് പുള്ളി അത് കൊണ്ടുനടന്നു.’- ഒരു യൂട്യൂബ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ സലിം കുമാർ പറഞ്ഞു.

read also: ഹൃദയാഘാതം: ബിജെപി സ്ഥാനാര്‍ഥി അന്തരിച്ചു

‘അസുഖബാധിതനായിരുന്ന സമയത്തും മണി കസേരയില്‍ ഇരുന്ന് സ്റ്റേജ് ഷോയൊക്കെ ചെയ്തിരുന്നു. അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല. ജനങ്ങളെന്തു വിചാരിക്കും സിനിമാക്കാരെന്ത് കരുതും എന്നൊക്കെയായിരുന്നു. സിനിമയില്‍ നിന്ന് പുറത്താകുമോ എന്നുള്ള തെറ്റായ ധാരണയുണ്ടായിരുന്നു. അതല്ലാതെ യാഥാർത്ഥ്യത്തിന്റെ പാതയിലൂടെ പോയിരുന്നെങ്കില്‍ മണി ഇന്ന് ജീവിച്ചിരിക്കുമായിരുന്നു’- സലീം കുമാർ പറഞ്ഞു.

കരള്‍ രോഗ ബാധിതനായിരുന്നു മണി. 2016 മാർച്ച്‌ അഞ്ചിനാണ് വീടിനുസമീപത്തെ അതിഥിമന്ദിരമായ ‘പാഡി’യില്‍ കലാഭവൻ മണിയെ രക്തം ഛർദിച്ച്‌ അവശനിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയില്‍ എത്തിയിരുന്നെങ്കിലും മരിക്കുകയായിരുന്നു.