12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിമിഷപ്രിയ ഇന്ന് അമ്മയെ കാണും: രണ്ടുമണിക്ക് ശേഷം ജയിലിലെത്താൻ പ്രേമകുമാരിക്ക് നിർദ്ദേശം
യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ കാണാൻ അമ്മക്ക് അധികൃതർ അനുമതി നൽകി. മകളുടെ മോചനത്തിനായി യെമനിലെത്തിയ പ്രേമകുമാരിയോട് ഇന്ന് ഉച്ചക്ക് ശേഷം യെമൻ തലസ്ഥാനമായ സനയിലെ ജയിലിലെത്താനാണ് ജയിലധികൃതർ നിർദ്ദേശിച്ചത്. രണ്ടുമണിക്ക് ശേഷമാകും പ്രേമകുമാരിക്ക് നിമിഷപ്രിയയെ കാണാനാകുക. 12 വർഷത്തിന് ശേഷമാണ് പ്രേമകുമാരിയും നിമിഷപ്രിയയും പരസ്പരം കാണുന്നത്.
2012ലാണു മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യൻ സമയം) റോഡുമാർഗം ഏദനിൽനിന്നു സനയിലെത്തിയ പ്രേമകുമാരി മനുഷ്യാവകാശ പ്രവർത്തകൻ സാമുവേൽ ജെറോം വഴിയാണ് ജയിൽ അധികൃതർക്ക് അപേക്ഷ നൽകിയത്.
തലാൽ അബ്ദുൾ മഹ്ദിയെന്ന യെമൻ സ്വദേശിയെ കൊലപ്പെടുത്തിയെന്നാണ് പാലക്കാട് കൊല്ലങ്കോട് തേക്കിൻചിറ സ്വദേശിനി നിമിഷപ്രിയക്കെതിരായ കുറ്റം. 2017 ജൂലൈ 25ന് യെമൻ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്കു വിധിച്ചത്. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്പോർട്ട് പിടിച്ചെടുത്ത് ഭാര്യയാക്കിവയ്ക്കാൻ ശ്രമിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചത്.
ക്രൂരമായ പീഡനത്തിനിരയായിരുന്ന നിമിഷ, ക്ലിനിക്കിൽ ജോലി ചെയ്തിരുന്ന യുവതിയുടെയും മറ്റൊരു യുവാവിന്റെയും നിർദേശപ്രകാരം അമിത ഡോസ് മരുന്നു കുത്തിവച്ചത് മരണത്തിന് ഇടയാക്കുകയായിരുന്നു. മരുന്നു കുത്തിവയ്ക്കുന്നതിന് സഹായിച്ച തദ്ദേശിയായ നഴ്സ് ഹാൻ ഇതേ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്.
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012ലാണ് നിമിഷപ്രിയ യെമനിൽ നഴ്‌സായി ജോലിക്ക് പോയത്. ഭർത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമൻ പൗരനായ തലാൽ അബ്ദുൾ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേർന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു. യെമൻ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്.
ബിസിനസ് തുടങ്ങാൻ നിമിഷയും ഭർത്താവും തങ്ങളുടെ സമ്പാദ്യമെല്ലാം മഹ്ദിക്ക് കൈമാറിയിരുന്നു. ബിസിനസ്സിന് കൂടുതൽ പണം ആവശ്യമുള്ളതിനാൽ നിമിഷയും ഭർത്താവും മിഷേൽ എന്ന മകളുമൊത്ത് നാട്ടിലേക്ക് വന്നു. പിന്നീട് നാട്ടിൽ നിന്ന് യെമനിലേക്ക് തിരിച്ചുപോയത് നിമിഷ മാത്രമായിരുന്നു. ബിസിനസ് പച്ചപിടിക്കുമെന്നും മഹ്ദി ചതിക്കില്ലെന്നുമായിരുന്നു ഇവരുടെ വിശ്വാസം. നിമിഷപ്രിയ പോയതിന് ശേഷം യെമനിലേക്ക് തിരിച്ചുപോവാനായിരുന്നു ടോമി ഉദ്ദേശിച്ചതെങ്കിലും യെമൻ-സൗദി യുദ്ധത്തെ തുടർന്ന് ആ യാത്രയും മുടങ്ങി.
ബിസിനസ് പങ്കാളിയെന്ന നിലയിൽ ആദ്യമാദ്യം മാന്യമായി ഇടപെട്ടിരുന്ന മഹ്ദിയുടെ സ്വഭാവം പിന്നീട് പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറി. മഹ്ദിയുമായി ചേർന്ന് ക്ലിനിക്ക് തുടങ്ങിയശേഷം താൻ ഭാര്യയാണെന്ന് പലരേയും വിശ്വസിപ്പിച്ചു. വ്യാജ വിവാഹ സർട്ടിഫിക്കറ്റ് ഉണ്ടാക്കി. പിന്നീട് ഭീഷണിപ്പെടുത്തി മതാചാരപ്രകാരം വിവാഹം നടത്തി. ഇരുവരും ചേർന്ന് ആരംഭിച്ച ക്ലിനിക്കിലെ വരുമാനം മുഴുവൻ മഹ്ദി സ്വന്തമാക്കി. പാസ്‌പോർട്ട് തട്ടിയെടുത്തു. സ്വർണമെടുത്ത് വിറ്റു. അധികൃതർക്ക് പരാതി നൽകിയ നിമിഷപ്രിയയെ മഹ്ദി മർദനത്തിനിരയാക്കി. ജീവൻ അപകടത്തിലാകുമെന്ന ഘട്ടത്തിലാണ് താൻ മഹ്ദിയെ അപായപ്പെടുത്താൻ ശ്രമിച്ചത് എന്നാണ് നിമിഷപ്രിയയുടെ വാദം.
പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചത്. മഹ്ദി തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപയാണ് തട്ടിയെടുത്തത്, പാസ്‌പോർട്ട് പിടിച്ചുവെച്ച് നാട്ടിൽ വിടാതെ പീഡിപ്പിച്ചു, ലൈംഗിക വൈകൃതങ്ങൾക്ക് ഇരയാക്കി, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു.
പാസ്‌പോർട്ട് വീണ്ടെടുത്ത് രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി തലാലിന് അമിത ഡോസിൽ മരുന്നു കുത്തിവെയ്ക്കുകയായിരുന്നു. മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും കണ്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ച് പിടിയിലായി എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷപ്രിയയെ കുടുക്കിയത്.
മയക്കുമരുന്ന് കുത്തിവെച്ചതിന് ശേഷം സംഭവിച്ചതിനെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. അറബിയിൽ തയ്യാറാക്കിയ കുറ്റപത്രത്തിൽ തന്നെ നിർബന്ധിച്ച് ഒപ്പിടുവിപ്പിക്കുകയായിരുന്നു. കോടതിയിൽ ദ്വിഭാഷിയുടെ സേവനം പോലും നിഷേധിക്കപ്പെട്ടു. സംഭവത്തിന് കൂട്ടുനിന്ന ഹനാന് ജീവപര്യന്തവും തനിക്ക് വധശിക്ഷയും വിധിച്ചത് ന്യായമല്ല, മരിക്കണമെന്ന ഉദ്ദേശത്തോടെയല്ല മരുന്നു കുത്തിവെച്ചത് തുടങ്ങിയ നിമിഷയുടെ വാദങ്ങളൊന്നും എവിടേയും പരിഗണിക്കപ്പെട്ടില്ല.
വിചാരണയ്ക്ക് ശേഷം 2018ൽ യെമൻ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. അപ്പീൽ പോയെങ്കിലും യെമനിലെ അപ്പീൽ കോടതിയും വധശിക്ഷ 2020ൽ ശരിവെച്ചു. തുടർന്ന് നിമിഷപ്രിയ യെമനിലെ സുപ്രീം കോടതിയെ സമീപിച്ചു. വധശിക്ഷയ്‌ക്കെതിരേ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതിയും തള്ളി.
കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബാംഗങ്ങൾക്ക് ബ്ലഡ് മണി (ദിയാധനം) നൽകി നിമിഷപ്രിയയുടെ മോചനം എന്ന സാധ്യത തേടിയാണ് നിമിഷയുടെ അമ്മ യെമനിലെത്തിയിരിക്കുന്നത്. പണം സ്വീകരിക്കാൻ കുടുംബം തയ്യാറായാൽ വധശിക്ഷ മാറി മോചനത്തിന് വഴിതെളിയും. നിമിഷപ്രിയയുടെ മോചനത്തിനുള്ള ഏക പോംവഴി ‘ബ്ലഡ് മണി’യാണെന്ന് അഭിഭാഷകരും വ്യക്തമാക്കിയിട്ടുണ്ട്.