മുംബൈ: മഹാരാഷ്ട്രയില്‍ വന്‍ വിവാദമായ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം. 25000 കോടി രൂപയുടെ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സഹകരണ ബാങ്കുകള്‍ക്ക് നഷ്ടം നേരിട്ടിട്ടില്ലെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. വായ്പയായി നല്‍കിയ 1343 കോടി തിരിച്ചുപിടിച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെതിരായ ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് വിശദീകരിക്കുന്നതാണ് അന്വേഷണ റിപ്പോര്‍ട്ട്.
ജനുവരിയില്‍ കേസില്‍ അന്വേഷണം അവസാനിപ്പിച്ച് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. അജിത് പവാര്‍, ഭാര്യ സുനേത്ര പവാര്‍, എന്‍സിപി ശരദ് പവാര്‍ വിഭാഗം എംഎല്‍എ രോഹിത് പവാര്‍ എന്നിവര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.