ആലുവ മോഷണക്കേസിലെ പ്രതികളെ കേരളാ പോലീസ് സാഹസികമായി പിടികൂടിയത് അജ്‍മീറിൽ വച്ച്


എറണാകുളം: ആലുവയിൽ മോഷണം നടത്തി മുങ്ങിയ പ്രതികളെ അജ്മീറിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ ശേഷം സ്ഥലംവിട്ട പ്രതികളെ പോലീസ് അതിസാഹസികമായാണ് പിടികൂടി ആലുവയിലെത്തിച്ചത്. സജാദ്, ഡാനിഷ് എന്നിവരാണ് പിടിയിലായത്. റൂറൽ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലായിരുന്നു തെളിവെടുപ്പ്.

ഉത്തരാഖണ്ഡ് സ്വദേശികളായ സജാദും ഡാനിഷും ആലുവ, പെരുമ്പാവൂർ മേഖലകളിലായി നാല് വീടുകളിലാണ് മോഷണം നടത്തിയത്. ഫെബ്രുവരിയിലായിരുന്നു മോഷണം. കമ്പിയും സ്ക്രൂവും ആയിരുന്നു പ്രധാന ആയുധം. മോഷണം നടത്തിയ വീടുകളിലും താമസിച്ച സ്ഥലങ്ങളിലും മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ച ഇടത്തുമെല്ലാം തെളിവെടുപ്പ് നടത്തി. മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.

മോഷണത്തിന് ശേഷം നാടു വിട്ട പ്രതികൾക്ക് പിന്നാലെ കൃത്യമായ ശാസ്ത്രീയ അന്വേഷണത്തിലൂടെ കള്ളൻമാരെ തിരിച്ചറിഞ്ഞ പ്രത്യേക അന്വേഷണ സംഘവുമുണ്ടായിരുന്നു. മദ്ധ്യപ്രദേശിൽ നിന്ന് രാജസ്ഥാനിലേക്ക് കടന്ന സജാദിനും ഡാനിഷിനും പിന്നാലെ ആലുവ പൊലീസും അജ്മീറിലെത്തി. പൊലീസിന് നേരെ വെടിവെച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും അതിസാഹസികമായാണ് കീഴ്പെടുത്തിയതും ആലുവയിലെത്തിച്ചതും.