‘ജാസ്മിൻ പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല’: ആശങ്ക പങ്കുവെച്ച് തെസ്നി ഖാൻ



ബിഗ് ബോസ് സീസണ്‍ 6ല്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെട്ട പേരുകളില്‍ ഒന്നാണ് ജാസ്മിന്റേത്. ഗബ്രിയുടെയും ജാസ്മിന്റെയും സൗഹൃദവും അവരുടെ ഗെയിം സ്ട്രെറ്റർജിയുമൊക്കെ ഒക്കെ ഏറെ വിമർശനത്തിന് കാരണമായിരിക്കുകയാണ്. ജാസ്മിനും ഗബ്രിയും തമ്മിലുള്ള ലവ് ആംഗിള്‍ പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അത് വെറും ഗെയിം മാത്രമാണെന്ന് പറയുകയാണ് നടി തെസ്‌നി ഖാന്‍ ഇപ്പോള്‍. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തിലാണ് തെസ്‌നി സംസാരിച്ചത്.

‘ഗബ്രിയുടെയും ജാസ്മിന്റെയും ബന്ധം ഗെയിമാണെന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ തമ്മില്‍ ഒരു ബോണ്ടുണ്ടെങ്കില്‍ അതൊരു കണ്ടന്റാണ്. അതൊക്കെ കളിയായി എടുത്താന്‍ മതി. പുറത്ത് വരുമ്പോള്‍ ഒന്നും ഉണ്ടാകില്ല. അപ്പോള്‍ നമുക്ക് അറിയാന്‍ പറ്റും. ജാസ്മിന് സംഭവിച്ചതു പോലെ ഞങ്ങളുടെ സീസണിലും ഒരുപാട് പേരുടെ ലൈഫിനെ ബിഗ് ബോസിലെ ജീവിതം ബാധിച്ചിരുന്നു. ജാസ്മിന്‍ ഒരു മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാല്‍ എന്താകുമെന്ന് എനിക്കറിയില്ല. കാരണം മുസ്ലീംസ് മറ്റുള്ള ആളുകളെപ്പോലെ എല്ലാം അംഗീകരിച്ചുകൊള്ളണമെന്നില്ല.

പക്ഷെ ജാസ്മിന്‍ നന്നായി ഗെയിം കളിക്കുന്നുണ്ട്. ഹൗസിനുള്ളില്‍ എത്തിപ്പെട്ടശേഷമുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാകാം പലരും ബിഗ് ബോസ് നിയമങ്ങള്‍ തെറ്റിക്കുന്നത്. അവിടെ ജീവിക്കുന്നത് വലിയൊരു എക്‌സ്പീരിയന്‍സാണ്. ആത്മഹത്യ ചെയ്യാന്‍ തോന്നും ചിലപ്പോള്‍. ഞാന്‍ ബിഗ് ബോസിലേക്ക് മത്സരിക്കാന്‍ ചെന്നപ്പോള്‍ അവിടെ ആര്യയും വീണയുമെല്ലാം ഉണ്ടായിരുന്നു. പക്ഷെ എവിടെയും വെച്ച് കണ്ട പരിചയം പോലും അവര്‍ എന്നോട് കാണിച്ചില്ല. അതും കളിയാണ്. അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവിടെ ചെന്നപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി സ്റ്റക്കായി’, തെസ്‌നി പറഞ്ഞു.