തൃശൂർ പൂരം മുടക്കിയതിന്റെ പ്രധാന ഉത്തരവാദികളായവരുടെ പേരിൽ നിയമനടപടി സ്വീകരിക്കുമെന്ന് ഹിന്ദു സംഘടനാ നേതാക്കൾ. പൊലീസ് ഉദ്യോഗസ്ഥർ തന്നെ കുറ്റക്കാരായ വിഷയത്തിൽ സർക്കാർ നിർദ്ദേശപ്രകാരം നടത്തുന്ന അവരുടെ തന്നെ അന്വേഷണം ഏത് തരത്തിലായിരിക്കുമെന്ന് മസ്സിലാക്കാവുന്നതെയുള്ളൂ. ചരിത്രത്തിൽ ആദ്യമായി പുരം അട്ടിമറിക്കപ്പെട്ടതിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻറ് ചെയ്ത് മാറ്റിനിർത്തി ഒരു ജുഡിഷ്യൽ അന്വേഷണമായിരുന്നു സർക്കാർ നടത്തേണ്ടിയിരുന്നത്. പക്ഷെ അതിന് സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ കൃത്യതയോടെ കാര്യങ്ങൾ പുറത്തു കൊണ്ടുവരാൻ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കും.
ഈ വർഷം പൂരം അട്ടിമറിക്കപ്പെട്ടതിന്റെ സാഹചര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നതിനും വർഷങ്ങളായി തൃശ്ശൂർ പൂരം നടത്തിപ്പിൽ നേരിടുന്ന പ്രതിസന്ധികളെപ്പറ്റി പഠനം നടത്തുന്നതിനും പരിഹാരം നിർദ്ദേശിക്കുന്നതിനും പ്രമുഖവ്യക്തികൾ ഉൾപ്പെടുന്ന ഒരു നിഷ്ടക്ഷ വസ്തുതാ അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഹിന്ദു സംഘടനാ നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു. ഈ അന്വേഷണത്തിൽ ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്ഥിരമായ പരിഹാരത്തിനായി കേന്ദ്ര സർക്കാരിന്റെ സഹായം ഉൾപ്പടെ ആവശ്യമായ നടപടികൾ സ്വികരിക്കും.
അനാവശ്യമായ നിയന്ത്രണങ്ങൾ അടിച്ചേൽപ്പിച്ച് പൂരം നടത്തിപ്പിന് തടസ്സങ്ങൾ സൃഷ്ടിക്കുകയും അതേ സമയം ഭരണകൂടത്തിന്റെ വക്താക്കളായ ജനപ്രതിനിധികളും ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളും പൂരം നടത്തിപ്പുകാരായി മാറുകയും യഥാർത്ഥ നടത്തിപ്പുകാരായ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം അധികാരികളെ അകറ്റിനിർത്തുകയും ചെയ്യുന്നത് പൂരം അട്ടിമറിക്കാനുള്ള ശ്രമമാണ് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ തൃശ്ശൂർ പൂരം നടത്തിപ്പ് നേരിടുന്ന വെല്ലുവിളികളെ അതിജിവിക്കുന്നതിന് ശക്തവും സമാധാനപരവുമായ ജനകീയ മുന്നേറ്റം നടത്താൻ ആഹ്വാനം ചെയ്യുന്നതായും ഹിന്ദു സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.