സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിയുതിര്‍ത്ത സംഭവം: പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘമാണെന്ന് ക്രൈംബ്രാഞ്ച്
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്കെതിരെയും സഹോദരന്‍ അന്‍മോല്‍ ബിഷ്ണോയിക്കെതിരെയും തെളിവുകള്‍ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്.
പ്രതികള്‍ നാല് തവണ സല്‍മാന്റെ വസതിക്ക് മുന്നിലൂടെ സഞ്ചരിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.
പ്രതികളുടെ പക്കല്‍ നിന്നും തകര്‍ന്ന മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പ്രതികളുടെ കൈവശം ഒന്നിലധികം ഫോണുകള്‍ ഉണ്ടായിരുന്നെന്നും ബാക്കിയുള്ള ഫോണുകള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. ഗുജറാത്തിലെ താപി നദിയില്‍ നിന്ന് രണ്ട് പിസ്റ്റളുകളും
13 ബുള്ളറ്റുകളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
സ്‌കൂബാ സംഘത്തിന്റെ സഹായത്തോടെ തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്.
പ്രതികളുടെ ബാങ്ക് ഇടപാടുകള്‍ അന്വേഷണ സംഘം പരിശോധിക്കും. കേസില്‍ ജയിലില്‍ കഴിയുന്ന ലോറന്‍സ് ബിഷ്‌ണോയിയെ പ്രതി ചേര്‍ത്തിട്ടുണ്ട്. ബിഷ്‌ണോയ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെയും കേസില്‍ പ്രതി ചേര്‍ത്തത്.