സംസ്ഥാനത്ത് കനത്ത പോളിംഗ്, ബൂത്തുകളില്‍ നീണ്ട നിര: വോട്ട് രേഖപ്പെടുത്താന്‍ സിനിമാ താരങ്ങളും


കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത് പോളിങ്. ആദ്യ നാലു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം പോളിങ് 26.26% എത്തി. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളില്‍ മാത്രമാണ് പോളിങ് 25 ശതമാനത്തില്‍ താഴെയുള്ളതെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ആകെ. 2.77 കോടി വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. വോട്ടര്‍മാരുടെ നീണ്ടനിര ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.

സിനിമാ താരങ്ങളും രാവിലെതന്നെ വോട്ട് ചെയ്തവരില്‍ ഉള്‍പ്പെടുന്നു. പല ബൂത്തുകളിലും രാവിലെ വോട്ടിങ് യന്ത്രത്തിന് തകരാര്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് വോട്ടിങ് യന്ത്രം മാറ്റി പ്രശ്‌നം പരിഹരിച്ചു. മറ്റു 12 സംസ്ഥാനങ്ങളിലെ 68 മണ്ഡലങ്ങളിലും ഇന്നു വോട്ടെടുപ്പു നടക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമാണിത്. വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്.