4 വർഷമായി പൂട്ടിക്കിടക്കുന്ന വീട്, ജനല്‍ കമ്പിയില്‍ മുട്ടുകുത്തി തൂങ്ങിയ നിലയില്‍ മൃതദേഹം: ദുരൂഹത


താമരശ്ശേരി: ആൾത്താമസമില്ലാത്ത വീട്ടിൽ യുവാവിന്റെ മൃതദേഹം. നാല് വർഷമായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ജനല്‍ കമ്പിയില്‍ മുട്ടകുത്തി തൂങ്ങി നില്‍ക്കുന്ന നിലയിലായിരുന്നു മൃതദേഹം. ശരീരത്തില്‍ അവശേഷിക്കുന്നത് കാലിലെ ഷൂസ് മാത്രം. താമരശേരി കോരങ്ങാട് ആനപ്പാറപൊയിലിലാണ് വില്‍പനയ്ക്ക് വച്ച വീടിനകത്ത് യുവാവിന്റെ അഴുകിയ മൃതദേഹം കണ്ട സംഭവത്തിൽ ദുരൂഹത.

ആരും വരാത്ത സ്ഥലത്ത് ഉയരമില്ലാത്ത കമ്പിയില്‍ അഞ്ചടി ഉയരമുള്ളയാള്‍ മുട്ട് കുത്തി തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടതില്‍ വീട്ടുകാര്‍ ദുരൂഹത ആരോപിക്കുന്നു. 23 നാണ് മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിൽ താമരശേരി അണ്ടോണ റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ചമല്‍ സ്വദേശി സന്ദീപിന്റെതാണ് മൃതദേഹമെന്ന് കണ്ടെത്തി.

വീട് വാങ്ങാനായി എത്തിയവരാണ് അഴുകിയ നിലയില്‍ മൃതദേഹം കാണുന്നത്. പിന്നീട് താമരശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തിന് സമീപത്തു നിന്ന് ഒരു ഫോൺ ലഭിച്ചു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സന്ദീപിന്റെതാണ് മൃതദേഹമെന്ന് തിരിച്ചറിഞ്ഞത്. അമ്മയുടെ പേരില്‍ വാങ്ങിയ സിം കാര്‍ഡാണ് ഇയാള്‍ ഉപയോഗിച്ചിരുന്നത്.

സന്ദീപിനെ തേടി പോലീസ് ഇയാളുടെ വീട്ടിലെത്തി. അന്വേഷണത്തിൽ സ്വകാര്യ ബസ് ജീവനക്കാരനായ സന്ദീപ് പലപ്പോഴും വീട്ടില്‍ നിന്ന് ജോലിയുടെ ഭാഗമായി മാറി നിൽക്കാറുണ്ടെന്ന് കണ്ടെത്തി. ഇത്തരത്തില്‍ പോയതാകാമെന്ന് കരുതി ബന്ധുക്കള്‍ അന്വേഷിച്ചിരുന്നില്ല. കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ എത്തിയ സന്ദീപ് ആരെയും കാണാതെ ബാഗ് വച്ച് പോവുകയായിരുന്നു. സന്ദീപ് തന്നെയാണോ ബാഗ് കൊണ്ടുവെച്ചതെന്ന കാര്യത്തിൽ ഇപ്പോൾ ബന്ധുക്കൾക്ക് സംശയമുണ്ട്.