ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുമ്പോൾ വരുത്താൻ പാടില്ലാത്ത 10 തെറ്റുകൾ


ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണ്ട സമയമാണ് ഇത്. എന്നാൽ ഐടിആർ സ്വന്തമായി ഫയൽ ചെയ്യുന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമാണ്. പലപ്പോഴും ഐടിആർ ഫയൽ ചെയ്യുമ്പോൾ തെറ്റുകൾ വരാൻ സാധ്യതയുണ്ട്. ഐടിആർ ഫയൽ ചെയ്യുന്നതിലൂടെ, നിങ്ങൾ അടച്ച അധിക നികുതികളുടെ റീഫണ്ട് ക്ലെയിം ചെയ്യാം. ഐടിആർ ഫയൽ ചെയ്യുമ്പോൾ ഈ 10 തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

2024-ലെ ഐടിആർ ഫയൽ ചെയ്യുമ്പോൾ ഈ 10 തെറ്റുകൾ ഒഴിവാക്കുക:

1. ഐടിആർ ഫോം പൂരിപ്പിക്കുമ്പോൾ, പേര്, പാൻ, വിലാസം, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ തുടങ്ങിയ എല്ലാ വ്യക്തിഗത വിവരങ്ങളും ഫോമിൽ ശരിയായി പൂരിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.

2. തെറ്റായ ഐടിആർ ഫോം: വരുമാന സ്രോതസ്സുകളും വരുമാന തരവും അടിസ്ഥാനമാക്കി ശരിയായ ഐടിആർ ഫോം തിരഞ്ഞെടുക്കുക. തെറ്റായ ഫോം നൽകുന്നത് അപേക്ഷ നിരസിക്കാനും പിഴ ഈടാക്കാനും കാരണമാകും.

3. വരുമാനം: ശമ്പളം, പലിശ വരുമാനം, വാടക വരുമാനം, മൂലധന നേട്ടം എന്നിവ ഉൾപ്പെടെ എല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നുമുള്ള വരുമാനത്തെക്കുറിച്ചുള്ള വിവരങ്ങൾ നിർബന്ധമായും നൽകണം. എല്ലാ വരുമാന വിവരങ്ങളും നൽകാത്തത് നികുതി വെട്ടിപ്പ് നടത്തുന്നതിന് തുല്യമാണ്. ഇതിന് പിഴ നൽകേണ്ടി വരും.

4. ടിഡിഎസ്: ഐടിആർ ഫയൽ ചെയ്യുമ്പോൾ ടിഡിഎസ് വിശദാംശങ്ങൾ ഉൾപ്പെടുത്തണം. ശരിയായ ടിഡിഎസ് വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടാൽ പിഴ നൽകേണ്ടി വരും.

5. നിക്ഷേപ വിവരങ്ങൾ: നിക്ഷേപങ്ങളെയും കിഴിവുകളേയും കുറിച്ചുള്ള പൂർണമായ വിവരങ്ങൾ നൽകണം. ആദായനികുതി നിയമത്തിലെ സെക്ഷൻ 80C, 80D, 80G പ്രകാരം യോഗ്യമായ നികുതി ആനുകൂല്യങ്ങൾ ക്ലെയിം ചെയ്യുന്നതിന് എല്ലാ നിക്ഷേപങ്ങളും ചെലവുകളും കിഴിവുകളും ശരിയായി നല്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ നികുതി ബാധ്യത വർധിക്കും.

6. പലിശ വരുമാനം മറയ്ക്കൽ: സേവിംഗ്സ് അക്കൗണ്ടുകളിൽ നിന്നോ സ്ഥിര നിക്ഷേപങ്ങളിൽ നിന്നോ മറ്റ് സ്രോതസ്സുകളിൽ നിന്നോ ലഭിക്കുന്ന പലിശയെക്കുറിച്ചുള്ള ശരിയായ വിവരങ്ങൾ നൽകണം. പലിശ വരുമാനം വെളിപ്പെടുത്താതിരുന്നാൽ പിഴ ഈടാക്കാം.

7. ഫോം 26 എഎസ്: ഫോം 26 എഎസ് ഉപയോഗിച്ച് നിങ്ങളുടെ ഐടിആറിലെ പ്രസ്താവനകൾ ക്രോസ്-ചെക്ക് ചെയ്യുക. ടിഡിഎസ്, നികുതി അടവ്, മറ്റ് ആദായനികുതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ, ഐടിആർ ഫയൽ ചെയ്യുന്നതിന് മുമ്പ്, അതിൻ്റെ തെറ്റുകൾ തിരുത്തണം.

8. കൃത്യസമയത്ത് ഐടിആർ ഫയൽ ചെയ്യണം: ഐടിആർ ഫയൽ ചെയ്യുന്നതിന് അവസാന നിമിഷം വരെ കാത്തിരിക്കരുത്. കാരണം ഐടിആർ ഫയൽ ചെയ്യാൻ വൈകിയാൽ പിഴ ഈടാക്കാം.

9. ഐടിആർ വെരിഫിക്കേഷൻ: ഐടിആർ ഓൺലൈനായി ഫയൽ ചെയ്തതിന് ശേഷം, അത് ഇലക്ട്രോണിക് ആയി (ആധാർ ഒടിപി, നെറ്റ് ബാങ്കിംഗ് മുതലായവ വഴി) അല്ലെങ്കിൽ നിശ്ചിത സമയത്തിനുള്ളിൽ നിങ്ങളുടെ ഒപ്പോടുകൂടിയ ഫിസിക്കൽ കോപ്പി ആദായനികുതി വകുപ്പിന് അയച്ച് പരിശോധിക്കേണ്ടത് ആവശ്യമാണ്. പരിശോധന നടത്തിയില്ലെങ്കിൽ, ഐടിആർ ഫയലിംഗ് അസാധുവാകും.

10. ആവശ്യമായ രേഖകൾ നൽകണം: നിങ്ങളുടെ വരുമാനം, നിക്ഷേപങ്ങൾ, നികുതി കിഴിവുകൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടെയും രസീതുകളുടെയും തെളിവുകളുടെയും രേഖകൾ സൂക്ഷിക്കുക, കാരണം ഇത് ഭാവിയിൽ എന്തെങ്കിലും നികുതി അന്വേഷണത്തിന് ആവശ്യമായി വന്നേക്കാം