സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ എട്ട് പേർ മരണപ്പെട്ടു. ഏഴുപേർ കുഴഞ്ഞ് വീണ് മരിച്ചപ്പോൾ ഒരാൾ ബൈക്കിടിച്ചാണ് മരണപ്പെട്ടത്. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. പാലക്കാട് പെരുമാട്ടി വിളയോടിയിൽ വോട്ടു ചെയ്ത ശേഷം പുറത്തിറങ്ങി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. വിളയോടി പുതുശ്ശേരി കുമ്പോറ്റ ചാത്തു മകൻ കണ്ടൻ (73) ആണ് മരിച്ചത്. ചിറ്റൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോഴിക്കോട് കുറ്റിച്ചിറയിൽ സ്ലിപ് വിതരണം നടത്തിയിരുന്ന സിപിഎം പ്രവർത്തകനായ ബൂത്ത് ഏജന്റ് കുഴഞ്ഞുവീണു മരിച്ചു. കുറ്റിച്ചിറ ഹലുവ ബസാറിലെ റിട്ട. കെഎസ്ഇബി എഞ്ചിനീയർ കുഞ്ഞിത്താൻ മാളിയേക്കൽ കെ എം അനീസ് അഹമ്മദ് (71) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
മലപ്പുറം തിരൂരിൽ തിരഞ്ഞെടുപ്പ് ക്യൂവിൽ ആദ്യ വോട്ടറായി വോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്രസാധ്യാപകൻ ഹൃദയസ്തംഭനം മൂലം മരിച്ചു. നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130–ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധിഖ് (63) ആണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചത്.
ആലപ്പുഴ കാക്കാഴം എസ്എൻ വി ടിടിഐ സ്കബളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജൻ (82) കുഴഞ്ഞു വീണു മരിച്ചു. 138 നമ്പർ ബൂത്തിലെ വോട്ടറാണ്.
പാലക്കാട് തേങ്കുറുശ്ശിയിൽ വോട്ട് രേഖപ്പെടുത്തി വീട്ടിലേക്ക് പോകുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. വടക്കേത്തറ ആലക്കൽ വീട്ടിൽ സ്വാമിനാഥന്റെ മകൻ എസ് ശബരി (32) ആണ് മരിച്ചത്. വടക്കേത്തറ ജിഎൽപി സ്കൂളിൽ വോട്ട് ചെയ്തു മടങ്ങുമ്പോഴാണ് സംഭവം. അമ്മ: മല്ലിക. സഹോദരങ്ങൾ: ഷൈജ, ഷീജ, ഷീബ.
മലപ്പുറം പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ ബൈക്കിൽ പോയ ആൾ വാഹനമിടിച്ച് മരിച്ചു. ബിഎം സ്കൂളിനു സമീപമുണ്ടായ അപകടത്തിൽ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി (75) ആണു മരിച്ചത്. ലോറി തട്ടി ബൈക്കിൽനിന്നു വീഴുകയായിരുന്നു.