അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ആഗ്രഹിക്കുന്നില്ല: ആസിഫ് അലി


ജനാധിപത്യത്തിന് നല്ലതുവരുന്ന ഒരു വിജയമാണ് തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നതെന്ന് നടൻ ആസിഫ് അലി. സഹപ്രവർത്തകരായ സുരേഷ് ഗോപി, മുകേഷ്, കൃഷ്ണകുമാർ എന്നിവരില്‍ ആരായിരിക്കും വിജയിക്കുകയെന്ന ചോദ്യത്തിന് അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ആഗ്രഹിക്കുന്നില്ലെന്നും താരം മറുപടി പറഞ്ഞു. വോട്ട് ചെയ്യേണ്ടത് എല്ലാ പൗരൻമാരുടെയും കടമയാണെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.

read also: ചോദ്യങ്ങള്‍ക്ക് മുന്നില്‍ മോദി നിശബ്ദന്‍, കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞാല്‍ പൊട്ടിക്കരയും: രാഹുല്‍ ഗാന്ധി

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘അവരുടെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും പറയാൻ ആഗ്രഹിക്കുന്നില്ല. ജനാധിപത്യത്തിന് നല്ലതുവരുന്ന തരത്തിലുളള ഒരു വിജയമാണ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ പ്രാവശ്യം വളരെ സജീവമായിട്ട് തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. ഇത്തവണ അതിനുളള സമയവും സൗകര്യവും കിട്ടിയില്ല. വോട്ട് ചെയ്യുകയെന്നത് ഓരോ ഇന്ത്യക്കാരുടെയും കർത്തവ്യമാണ്.അതുചെയ്യാതെ നമ്മള്‍ മാറി നിന്ന് അഭിപ്രായം പറയുന്നതില്‍ കാര്യമില്ല. നമ്മുടെ ഭാഗം കൃത്യമായി ചെയ്തതിനുശേഷമേ അതൃപ്തി പ്രകടിപ്പിക്കാനോ പ്രശംസ പറയാനോ പാടുളളൂ.

എല്ലാവരും തീർച്ചയായിട്ടും വോട്ട് ചെയ്യാൻ വരണം. ഇപ്പോള്‍ ഞങ്ങള്‍ വരുമ്പോള്‍ ഇത്രയും ശ്രദ്ധ ലഭിക്കുന്നത് തന്നെ എല്ലാവർക്കും പ്രചോദനമാകും. ചൂട് കാരണം വോട്ട് ചെയ്യണ്ടെന്ന് തീരുമാനിച്ചിരിക്കുന്നവർ പുറത്തേക്കിറങ്ങി വന്ന് വോട്ട് ചെയ്യണം. ഓരോ തവണ വോട്ട് ചെയ്യുമ്പോള്‍ മികച്ച ഒരു അവസ്ഥ അല്ലെങ്കില്‍ മികച്ച രാഷ്ട്രീയ അവസ്ഥ ഇണ്ടാകണമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. പലസമയത്തും നമുക്ക് പലതരത്തിലുളള അതൃപ്തികള്‍ ഉണ്ടായിട്ടുണ്ട്. ഇനി അതുണ്ടാകാതിരിക്കണമെന്ന് പതിവ് പോലെ പ്രതീക്ഷിക്കുന്നു. ജനത്തിന് നല്ലത് വരുന്ന തരത്തിലുളള വിജയം അവരാണ് തീരുമാനിക്കേണ്ടത്’- ആസിഫ് അലി പറഞ്ഞു.