സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്നു


ന്യൂഡല്‍ഹി: സിഗരറ്റിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ രണ്ട് പേരെ കുത്തിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ ബല്‍സാവ ഡയറി ഏരിയയിലാണ് കൊലപാതകം നടന്നത്. സമീര്‍, ഫര്‍ദീന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സമീറും ഫര്‍ദീനെയും ഇവരുടെ ബന്ധു വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വെച്ച് സിഗരറ്റ് വലിക്കുന്നതിനെ ചൊല്ലി തര്‍ക്കമുണ്ടായി. അര്‍ദ്ധരാത്രിയോടെ ബന്ധുക്കളായ സമീറും ഫര്‍ദീനും ഒരുമിച്ച് പുറത്തേക്ക് പോയി. പിന്നാലെയെത്തിയ സംഘം ഇവരെ കത്തികൊണ്ടു കുത്തുകയായിരുന്നു. ആക്രമണത്തില്‍ മുബിന്‍ എന്ന യുവാവിനും പരിക്കേറ്റിട്ടുണ്ട്. ബന്ധു വീട്ടില്‍ വെച്ചുണ്ടായ തര്‍ക്കത്തിന്റെ തുടര്‍ച്ചയായാണ് ആക്രമണണെന്ന് മുബിന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പരിക്കേറ്റ മുബിന്‍ ആണ് ആക്രമണ വിവരം പൊലീസില്‍ വിളിച്ച് അറിയിച്ചത്. വിവരമറിഞ്ഞ് പൊലീസ് എത്തി പരിക്കേറ്റവരെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊല്ലപ്പെട്ട സമീറിന് അടിവയറ്റിലും തോളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ടുള്ള ആക്രമണത്തില്‍ ഗുരുതമായി പരിക്കേറ്റിരുന്നു. കൊല്ലപ്പട്ട ഫര്‍ദ്ദീന്‍ റിക്ഷാ ഡ്രൈവറാണ്. ഇയാള്‍ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു.

കേസില്‍ അബ്ദുള്‍ സമ്മി (19), വികാസ് (20), അര്‍ഷ്ലാന്‍ (20) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ കൊല്ലപ്പെട്ട സമീറിനോടും ഫര്‍ദീനിനോടും സിഗരറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ സിഗരറ്റ് നല്‍കാന്‍ കൂട്ടാക്കിയില്ല. ഇതിനെ തുര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവിലാണ് പ്രതികള്‍ ഇരുവരെയും കത്തി കൊണ്ട് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവ സ്ഥലത്തു നിന്നും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും രക്തംപുരണ്ട വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.