നിരവധി സ്ത്രീകൾക്കൊപ്പമുള്ള അശ്ലീലദൃശ്യങ്ങൾക്ക് പിന്നാലെ ദേവ​ഗൗഡയുടെ ചെറുമകനെതിരെ പീഡന പരാതിയും: പ്രജ്വൽ രാജ്യംവിട്ടു


ബെംഗളൂരു: അശ്ലീല വീഡിയോ വിവാദത്തിന് പിന്നാലെ കർണാടകയിലെ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്കെതിരെ പീഡന പരാതിയും. ​ഹാസൻ ലോക്സഭാ മണ്ഡലത്തിലെ സിറ്റിം​ഗ് എംപിയും ഇപ്പോഴത്തെ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയും പിതാവ് രേവണ്ണയും പലതവണ പീഡിപ്പിച്ചെന്നാണ് യുവതി പൊലീസിൽ നൽകിയിരിക്കുന്ന പരാതി. പ്രജ്വലിന്റെ ഭാര്യയുടെ ബന്ധുവായ യുവതിയാണ് പരാതിക്കാരി. യുവതിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. മുൻ പ്രധാനമന്ത്രി ദേവ​ഗൗഡയുടെ ചെറുമകനാണ് പ്രജ്വൽ.

വീട്ടിൽ ജോലിക്കു നിന്ന തന്നെ രേവണ്ണ പീഡിപ്പിച്ചിരുന്നതായും പ്രജ്വൽ മകളുടെ അശ്ലീല വിഡിയോ ചിത്രീകരിച്ചെന്നും പരാതിയിൽ പറയുന്നു. ഹൊലെനരസിപൂർ പൊലീസിലാണ് യുവതി പരാതി നൽകിയത്. പരാതി കിട്ടിയതിന് പിന്നാലെ പൊലീസ് ഇരുവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രജ്വലിനെതിരെ അശ്ലീല വീഡിയോ വിവാദം കത്തി പടരുന്നതിനിടെയാണ് പ്രജ്വലും അച്ഛൻ രേവണ്ണയും പല തവണ പീഡിപ്പിച്ചെന്നാരോപിച്ച് യുവതി പൊലീസിൽ പരാതി നൽകുന്നത്.

കഴിഞ്ഞ ദിവസം ഒട്ടേറെ സ്ത്രീകൾക്കൊപ്പമുള്ള പ്രജ്വലിന്റെ അശ്ലീല വിഡിയോകൾ പ്രചരിച്ചിരുന്നു. അശ്ലീല ദൃശ്യങ്ങളുടെ പെൻഡ്രൈവുകൾ പാർക്കുകൾ, ബസ് സ്റ്റോപ്പുകൾ, സ്റ്റേഡിയം എന്നിവിടങ്ങളിൽ നിന്നാണു ലഭിച്ചത്. സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അബദ്ധത്തിൽ ചോർന്നതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ലൈംഗിക പീഡന പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയിരിക്കുന്നതെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അതേസമയം, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടട്ടെയെന്നും രാജ്യം വിട്ട പ്രജ്വലിനെ പൊലീസ് തിരിച്ച് കൊണ്ടുവന്നോളുമെന്നുമാണ് പ്രജ്വലിന്റെ ചെറിയച്ഛനും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി പ്രതികരിച്ചത്. പ്രജ്വലിനെ കൈവിട്ടുകൊണ്ടുള്ള കുമാരസ്വാമിയുടെ പ്രസ്താവന ദേവഗൗഡ കുടുംബത്തിലെ ഭിന്നതയുടെ സൂചനയായി.