സംവരണം റദ്ദാക്കുമെന്ന തരത്തിൽ അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരണം, തെലങ്കാന മുഖ്യമന്ത്രിക്ക് നോട്ടീസ്
ഹൈദരാബാദ്: കേന്ദ്രമന്ത്രി അമിത് ഷായ്ക്കെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്. സംവരണം റദ്ദാക്കുമെന്ന് അമിത് ഷാ പറയുന്ന തരത്തിലുള്ള വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിലാണ് നടപടി.
മതാടിസ്ഥാനത്തിലുള്ള സംവരണത്തിനെതിരെ പ്രസംഗിച്ച അമിത് ഷായുടെ വീഡിയോ എഡിറ്റ് ചെയ്ത് പട്ടികജാതി സംവരണത്തിനെതിരെ സംസാരിക്കുന്ന രീതിയിലാക്കി പ്രചരിപ്പിച്ച സംഭവത്തിലാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് നോട്ടീസ്.
അന്വേഷണത്തിന്റെ ഭാഗമായി മെയ് ഒന്നിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഡൽഹി പൊലീസ് നിർദേശിച്ചിരിക്കുന്നത്. രേവന്ത് റെഡ്ഡി ഉപയോഗിക്കുന്ന മൊബൈൽ ഫോണുൾപ്പെടെയുള്ള എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ഹാജരാക്കാനും നിർദ്ദേശമുണ്ട്.ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൽഹി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
വീഡിയോ പ്രചരിപ്പിച്ച അഞ്ച് കോൺഗ്രസ് നേതാക്കളെ കൂടി ചോദ്യം ചെയ്യലിന് വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഐപിസിയിലെ വിവിധ വകുപ്പുകളും ഐടി നിയമത്തിലെ പ്രസക്തമായ വകുപ്പുകളും ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.