ഇറാൻ പ്രസിഡന്റ് കൊല്ലപ്പെട്ടതായി സ്ഥിരീകരണം: ഇബ്രാഹിം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ കത്തിക്കരിഞ്ഞനിലയിൽ


ഹെലികോപ്റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു. വിദേശകാര്യമന്ത്രിയും ഇറാൻ പ്രസിഡന്റിനൊപ്പം കൊല്ലപ്പെട്ടതായും ഇറാൻ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചു. ഇറാൻ– അസർബൈജാൻ അതിർത്തിയിൽ അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞു മടങ്ങവെയാണ് റെയ്സിയുടെ ഹെലികോപ്റ്റർ വിദൂരവനമേഖലയിൽ അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ തകര്‍ന്ന ഹെലികോപ്റ്ററും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയെങ്കിലും ഇതിന് സമീപത്തായി ആരെയും ഇതുവരെ കണ്ടെത്താനായിരുന്നില്ല.

ജീവനോടെ ആരും അവശേഷിക്കുന്നില്ലെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിനുപിന്നാലെയാണ് മരണം സ്ഥിരീകരിച്ചുകൊണ്ട് ഇറാൻ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. അപകടത്തില്‍ എല്ലാവരും കൊല്ലപ്പെട്ടെന്ന് ഇറാൻ റെഡ് ക്രെസന്‍റ് ചെയര്‍മാൻ കോലിവാന്‍ഡും അറിയിച്ചു. ഇക്കാര്യത്തില്‍ ഇറാന്‍റെ ഭാഗത്തുനിന്നും ഔദ്യോഗികമായ സ്ഥിരീകരണം വൈകാതെ ഉണ്ടാകുമെന്നാണ് വിവരം.

പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ മന്ത്രി ഹുസൈൻ അമിര്‍, ഈസ്റ്റേണ്‍ അസര്‍ബൈജാൻ ഗവര്‍ണര്‍ മലേക് റഹ്മതി, തബ്റിസ് ഇമാം മുഹമ്മദ് അലി അലെഹസം, പൈലറ്റ്, സഹപൈലറ്റ്, ക്രൂ ചീഫ്, സുരക്ഷാ മേധാവി, ബോഡി ഗാര്‍ഡ് എന്നിവരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇവരെല്ലാം മരിച്ചെന്നാണ് ഇറാൻ മാധ്യമങ്ങള്‍ ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ഇറാൻ പ്രസിഡന്‍റ് കൊല്ലപ്പെട്ടതോടെ ഇറാൻ ഭരണഘടന പ്രകാരം ഒന്നാം വൈസ് പ്രസിഡന്‍റ് മുഹമ്മദ് മൊക്ബര്‍ ഇറാന്‍റെ താല്‍ക്കാലിക പ്രസിഡന്‍റായി ചുമതലയേല്‍ക്കും. പ്രത്യേക കൗണ്‍സിലായിരിക്കും ഭരണകാര്യങ്ങള്‍ കൈകാര്യം ചെയ്യുക. അടുത്ത 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്‍റിനായുള്ള തെരഞ്ഞെടുപ്പ് നടക്കും. രക്ഷാദൗത്യത്തിന് റഷ്യയുടെയും തുർക്കിയുടെയും സഹായം ലഭിച്ചിരുന്നു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച സംഘത്തെ അയച്ചതായി റഷ്യ വ്യക്തമാക്കിയിരുന്നു.

12 മണിക്കൂറിലധികമായി നാൽപതിലേറെ സംഘങ്ങൾ നടത്തിയ തെരച്ചിലിലാണ് ഹെലികോപ്ടര്‍ കണ്ടെത്താനായത്. ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട സംഭവത്തിൽ അപകടസ്ഥലം കണ്ടെത്തിയെന്നും ഉസി ഗ്രാമത്തിനടത്താണ് ഹെലികോപ്റ്റര്‍ ഇറക്കിയെന്നും വാര്‍ത്താ ഏജൻസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.