യുഎസിലെ ചെസ്റ്ററിൽ വെടിവെപ്പ്: രണ്ട് പേർ കൊല്ലപ്പെട്ടു, മൂന്ന് പേർക്ക് പരിക്ക്


വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പ് മരണങ്ങൾ തുടരുന്നു. ഇന്നലെ പെൻസിൽവാനിയയിലെ ചെസ്റ്ററിൽ നടന്ന വെടിവയ്പ്പിൽ രണ്ട് പേർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രതിയെ പൊലീസ് പിടികൂടിയതായി ചെസ്റ്റർ പൊലീസ് കമ്മീഷണർ സ്റ്റീവൻ ഗ്രെറ്റ്‌സ്‌കി പറഞ്ഞു.

പ്രതി ജോലി സ്ഥലത്ത് തോക്കുമായി വന്ന് സഹപ്രവർത്തകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്ന് ചെസ്റ്റർ മേയർ സ്റ്റെഫാൻ റൂട്ട്സ് പറഞ്ഞു. ജോലി സ്ഥലത്തെ തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത് എന്നാണ് കരുതപ്പെടുന്നത്.

2024 ലെ ആദ്യ അഞ്ച് മാസങ്ങളിൽ, കുറഞ്ഞത് 168 കൂട്ട വെടിവയ്പ്പ് സംഭവങ്ങൾ യുഎസിൽ ഉടനീളം നടന്നതായി സിഎൻഎൻ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. മെയ് മാസത്തിൽ ഇത് വരെ യുഎസിന്റെ പല നഗരങ്ങളിലായി നടന്ന വെടിവയ്പ്പിൽ പത്തിലധികം പേർ കൊല്ലപ്പെട്ടതായും സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

കഴിഞ്ഞ ദിവസം 300 പേർ ഒത്തുകൂടിയ ഒരു പാർട്ടിയിലും വെടിവയ്പ്പുണ്ടായിരുന്നു. സംഭവത്തിൽ 16 പേർക്ക് വെടിയേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അതിനിടെ തോക്ക് ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ രാജ്യത്ത് പൗരന്മാർക്ക് തോക്ക് ഉപയോഗിക്കുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യമുയരുന്നുണ്ട്.