നാല് വയസുകാരന്റെ ജന്മദിനത്തിന് ഹമാസ് ഭീകരന്‍ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക് : പൊലീസ് അന്വേഷണം ആരംഭിച്ചു


സിഡ്‌നി: നാല് വയസുള്ള കുട്ടിയുടെ ജന്മദിനത്തിന് ഹമാസ് ഭീകരന്‍ അബു ഉബൈദയുടെ ചിത്രങ്ങളുള്ള കേക്ക്. ഓസ്‌ട്രേലിയയിലെ ബേക്കറിയാണ് ഇത്തരം ഒരു കേക്ക് നിര്‍മിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ സംഭവത്തില്‍ സിഡ്‌നി പൊലീസ് അന്വേഷണം ആരംഭിച്ചു. ഒമര്‍ എന്ന കൊച്ചുകുട്ടി കേക്കിന്റെ അരികില്‍ നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അബു ഉബൈദയുടെ ചിത്രത്തിന് സമായമായ രീതിയിലാണ് കുട്ടി വസ്ത്രം ധരിച്ചത്. കപ്പ് കേക്കുകളില്‍ പോലും ഭീകരന്റെ ചിത്രം ഇടം പിടിച്ചിട്ടുണ്ട്.

കുട്ടിയുടെ ജന്മദിനത്തില്‍ ഹമാസ് ഭീകരന്റെ ചിത്രമുള്ള കേക്കിനെ ഭയാനകമെന്നാണ് ന്യൂ സൗത്ത് വെയില്‍സിന്റെ പ്രീമിയര്‍ ക്രിസ് മിന്‍സ് വിശേഷിപ്പിച്ചത്. ഹമാസ് ഒരു ദുഷ്ട ഭീകര സംഘടനയാണ്. കുട്ടികളുടെ പാര്‍ട്ടികള്‍ നിഷ്‌കളങ്കവും രസകരവുമായിരിക്കണം, വെറുപ്പ് പ്രചരിക്കാനുള്ള ഇടമാകരുത്. അബു ഉബൈദയുടെ മുഖമുള്ള കേക്കുകള്‍ ആശങ്കയുണ്ടാക്കുന്നതായും ഓസ്ട്രേലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഹമാസിന്റെ സായുധ വിഭാഗമായ ഇസ് അദ്-ദിന്‍ അല്‍-ഖസ്സാം ബ്രിഗേഡിന്റെ വക്താവാണ് അബു ഉബൈദ. ഹുസൈഫ സമീര്‍ അബ്ദുല്ല അല്‍-കഹ്ലൂത്തയെന്നാണ് ഇയാളുടെ യഥാര്‍ത്ഥ പേര്. വളരെ അപൂര്‍വ്വമായി മാത്രം പുറംലോകത്തെത്തുന്ന ഇയാള്‍ കെഫിയ സ്‌കാര്‍ഫും മുഖംമൂടിയും ധരിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒക്ടോബര്‍ 7ന്റെ ആക്രമണത്തെ പിന്നാലെ മുന്നറിയിപ്പില്ലാതെ ബന്ദിയെ വധിക്കുമെന്ന് ഉബൈദ സമൂഹ മാദ്ധ്യമങ്ങള്‍ വഴി ഭീഷണിപ്പെടുത്തിയിരുന്നു.