ബീജിംഗ്: ചൈനീസ്‌വത്ക്കരണത്തിന്റെ ഭാഗമായി ചൈനയിലെ അവസാന മുസ്ലിം പള്ളിയുടേയും താഴികക്കുടം നീക്കി. മുസ്ലിം പള്ളികളുടെ രൂപഘടനയിലാകെ മാറ്റം വരുത്താനാണ് ചൈനീസ് അധികൃതര്‍ പദ്ധതിയിടുന്നത്. ഇസ്ലാമികശൈലിയില്‍ നിലനിന്ന അവസാന പ്രധാന മസ്ജിദ് ചൈനീസ് വാസ്തുശൈലിയിലേക്കു മാറ്റിയതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
പള്ളിയുടെ താഴികക്കുടങ്ങള്‍ നീക്കം ചെയ്യുകയും മിനാരങ്ങള്‍ ചൈനീസ് ശൈലിയിലേക്കു രൂപമാറ്റം വരുത്തുകയും ചെയ്തു.
തെക്ക്-പടിഞ്ഞാറ് യുനാന്‍ പ്രവിശ്യയിലെ ഗ്രാന്‍ഡ് മോസ്‌ക് ഓഫ് ഷാദിയാനാണ് ചൈനീസ് വാസ്തുശൈലിയിലേക്കു മാറ്റിയിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ മുസ്ലിം പള്ളികളില്‍ ഒന്നാണിത്. 21,000 ചതുരശ്ര മീറ്ററില്‍ നിറഞ്ഞുനിനില്‍ക്കുന്ന പള്ളിക്ക് ഇസ്ലാമിക ശൈലിയില്‍ നിര്‍മിച്ച, പച്ചനിറത്തിലുള്ള മൂന്ന് താഴികക്കുടങ്ങളും നാല് മിനാരങ്ങളുമാണുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം വരെ ഈ രൂപത്തിലാണ് പള്ളി നിലനിന്നിരുന്നത്.
നടുവില്‍ വലുതും ഇരുവശത്തും ചെറുതുമായ രണ്ട് താഴികക്കുടങ്ങളുമാണ് പള്ളിക്കുണ്ടായിരുന്നത്. ഇവ മൂന്നും പൊളിച്ചുമാറ്റി. പകരം രണ്ടടുക്കായുള്ള ചൈനീസ് വാസ്തുശില്‍പ്പ ശൈലിയുള്ള പഗോഡ റൂഫ്ടോപ്പ് ഉയര്‍ന്നു. മിനാരങ്ങള്‍ നാലും നിലനിര്‍ത്തിയെങ്കിലും അവ ചൈനീസ് ശൈലിയിക്കു മാറ്റി.
താഴികക്കുടങ്ങള്‍ നീക്കിയതായി ഉപഗ്രഹ ചിത്രങ്ങളും മറ്റു ഫോട്ടോഗ്രാഫുകളും ദൃക്സാക്ഷികളുടെ വിവരണങ്ങളും വ്യക്തമാക്കുന്നതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.